മുംബൈ: സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് കരുത്തര്‍ക്കെതിരെ. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന മുംബൈയാണ് രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ മുംബൈ, ഡല്‍ഹിയോട് പരാജയപ്പെട്ടിരുന്നു. കേരളമാവട്ടെ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിന് തകര്‍ത്താണ് തുടങ്ങിയത്. ജയത്തോടെ കേരളം നാല് പോയിന്റ് സ്വന്തമാക്കിയിരുന്നു.

കരുത്തരായ മുംബൈയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കേരളത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. സഞ്ജുവിനൊപ്പം റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്തും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. തിരിച്ചുവരവിലെ ആദ്യമത്സരത്തില്‍ വിക്കറ്റ് വീഴ്ത്താനും ശ്രീശാന്തിന് കഴിഞ്ഞു. 

മുന്‍താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ മുഖ്യ പരിശീലകന്‍. ഐ പി എല്ലില്‍ ഉഗ്രന്‍ ഫോമിലായിരുന്ന സൂര്യ കുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് മുംബൈ ഇറങ്ങുന്നത്. ആദിത്യ താരെ, യശസ്വീ ജയ്‌സ്വാള്‍, ശിവം ദുബേ, ആദിത്യ താരെ, സിദ്ധേഷ് ലാഡ്, സര്‍ഫറാസ് ഖാന്‍,  ധവാല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരുള്‍പ്പെട്ട ശക്തമായ ടീമാണ് മുംബൈ. ഡല്‍ഹി, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

കേരള സാധ്യത ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ജലജ് സക്സേന, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, കെ എം ആസിഫ്, എസ് മിഥുന്‍.

ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

ജലജ് സക്സേനയുടെ മൂന്ന് വിക്കറ്റാണ് പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നത്. ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.