തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഓപ്പണര്‍ അഭിഷേക് രാമന്റെ സഞ്ചുറി കരുത്തില്‍ കേരളത്തിനെതിരെ ബംഗാള്‍ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 239 റണ്‍സിന് മറുപടിയായി ബംഗാള്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ്. 25 റണ്‍സുമായി ഷഹബാസും ഏഴ് റണ്ണുമായി അര്‍നാബ് നന്ദിയും ക്രീസില്‍. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ നാലു വിക്കറ്റ് ശേഷിക്കെ ബംഗാളിന് മൂന്ന് റണ്‍സ് കൂടി മതി.

തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ബംഗാളിനെ മൂന്നാം വിക്കറ്റില്‍  99 റണ്‍സ് കൂട്ടിച്ചേര്‍ത്ത അഭിഷേക് രാമന്‍-മനോജ് തിവാരി സഖ്യമാണ് കരകയറ്റിയത്. 51 റണ്‍സെടുത്ത തിവാരിയെ ജലജ് സക്സേന പുറത്താക്കിയെങ്കിലും അഭിഷേക് രാമന്‍ പോരാട്ടം തുടര്‍ന്നു. 110 റണ്‍സെടുത്ത അഭിഷേക് ബംഗാള്‍ സ്കോര്‍ 227 റണ്‍സില്‍ നില്‍ക്കെയാണ് പുറത്തായത്.

24 റണ്‍സെടുത്ത ശ്രീവത്സ് ഗോസ്വാമിയും ബംഗാള്‍ ഇന്നിംഗ്സില്‍ നിര്‍ണായക സംഭാവന നല്‍കി. കേരളത്തിനായി ബേസില്‍ തമ്പിയും മോനിഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ 237/7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു. ബംഗാളിനായി ഇഷാന്‍ പരോള്‍ മൂന്ന് വിക്കറ്റെടുത്തു.