മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ എതിരാളികള്‍.

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ എതിരാളികള്‍. രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്സേനയും(37*), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14*) രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455,

നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഫൈനലുറപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 30 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ(9) വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച; പ്രതീക്ഷയായി വീണ്ടും ജലജ് സക്സേന

പിന്നാലെ വരുണ്‍ നായനാരെ(1) മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം ഞെട്ടി. എന്നാല്‍ ജലജ് സക്സേനയും രോഹനും ചേര്‍ന്ന് കേരളത്തെ 50 കടത്തി. 69 പന്തില്‍ 32 റണ്‍സെടുത്ത രോഹനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിദ്ധാര്‍ത്ഥ് ദേശായി കേരളത്തിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല.19 പന്തില്‍ 10 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം 81-4 എന്ന സ്കോറില്‍ പതറി.

Scroll to load tweet…

നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന്‍റെ 2 വിക്കറ്റുകള്‍ കൂടി തുടക്കത്തിലെ വീഴ്ത്തി കേരളം 449-9 എന്ന സ്കോറിലേക്ക് ആതിഥേയരെ തള്ളിയിട്ടിരുന്നു. പക്ഷെ അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധകോട്ട കെട്ടി കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റി. ഒടുവില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ നാഗ്വസ്വാലക്ക് അടിതെറ്റി.

കണ്‍നിറയെ കാണാം, രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയ ആ നാടകീയ ക്യാച്ച്

ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് , ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തി. ജമ്മു കശ്മീരിനെതിരെ ഒരു റണ്‍ ലീഡില്‍ സെമി ഉറപ്പിച്ച കേരളം ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ലീഡില്‍ ഫൈനലും ഉറപ്പിച്ച് ചരിത്രം കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക