സൂററ്റ്: രഞ്ജി ട്രോഫിയില്‍ കേരളം നാളെ ഗുജറാത്തിനെ നേരിടും. സൂററ്റിലാണ് കേരളത്തിന്റെ മൂന്നാം മത്സരം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയ സഞ്ജു സാംസണും ടീമിലുണ്ട്. കേരളത്തെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ഗുജറാത്ത് ബൗളര്‍മാരെ എങ്ങനെ നേരിടുമെന്നതാണ്. അതും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് വകുപ്പ്.

ഫിറ്റ്‌നെസ് തെളിയിക്കുന്നത് വേണ്ടിയിട്ടാണ് ബുംറയോട് രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. പരിക്ക് കാരണം വിശ്രമത്തിലായിരുന്ന ബുംറയെ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരയിലേക്കുള്ള ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ഇതോടൊപ്പം രഞ്ജിയില്‍ ഒരു മത്സരം കളിക്കാനും ആവശ്യപ്പെടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്.

കേരളത്തെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണിത്. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ കേരളം ഒരു മത്സരവും ജയിച്ചിട്ടില്ല. അതിനിടെ ബുംറയെ ഏതുവിധത്തില്‍ നേരിടേണ്ടിവരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.