വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ മത്സരങ്ങളും ടൂര്‍ണമെന്‍റുകളും അനിവാര്യമാണെന്നും ശ്രീകല എസ് ആര്‍
തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീ പുരുഷന്‍മാരുടേതിന് തുല്യമാക്കിയ ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്‌ത് കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ശ്രീലക എസ് ആര്‍. എന്നാല്‍ തുല്യ വാര്‍ഷിക പ്രതിഫലം നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ മത്സരങ്ങളും ടൂര്‍ണമെന്‍റുകളും അനിവാര്യമാണെന്നും ശ്രീകല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് കേരള മുന്‍ ക്യാപ്റ്റന്‍റെ പ്രതികരണം.
ബിസിസിഐയുടേത് വലിയ നീക്കം
വരുമാനം ഉണ്ടാക്കുന്നതില്‍ വനിതാ ക്രിക്കറ്റ് ഇപ്പോഴും വളരെ പിന്നിലാണ്. ബിസിസിഐയുടെ വലിയ നീക്കമാണ് തുല്യ മാച്ച് ഫീ നടപ്പാക്കിയത്. വനിതാ ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യും. വനിതാ ഐപിഎല്‍ ആരംഭിക്കാന്‍ വൈകിയെന്ന് പറയാം. വനിതാ ക്രിക്കറ്റിന് ജൂനിയര്‍ തലം മുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ മത്സരങ്ങളും ടൂര്‍ണമെന്‍റുകളും വഴി താരങ്ങളുടെ മികവ് വര്‍ധിപ്പിക്കാന്‍ കഴിയും.
എങ്ങനെ ക്രിക്കറ്റിലേക്ക് എത്തി
1986 മുതല്‍ 1994 വരെയാണ് ക്രിക്കറ്റ് കളിച്ചത്. നഗരപ്രദേശത്ത് ജീവിച്ചതിനാല്‍ അന്ന് ക്രിക്കറ്റ് കളിക്കുന്നത് വലിയൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. എങ്കിലും സൗന്ദര്യം പോകുമോ എന്നൊക്കെ മുത്തശ്ശി ചോദിക്കുമായിരുന്നു. പഠിച്ച സ്‌കൂളിലും കോളേജിലും വേണ്ടത്ര പ്രോല്‍സാഹനം ലഭിച്ചിരുന്നു. ഒരുപാട് മാറ്റങ്ങള്‍ വനിതാ ക്രിക്കറ്റില്‍ വന്നുകഴിഞ്ഞു. മതിയായ മാച്ച് കിറ്റോ പ്രതിഫലമോ പ്രശസ്‌തിയോ സൗകര്യമോ ഒന്നുമില്ലാതെയാണ് ഞങ്ങള്‍ അന്ന് ക്രിക്കറ്റ് കളിച്ചത്. ഒരു ടൂര്‍ണമെന്‍റിന് പോലും റിസര്‍വ് ചെയ്‌ത കമ്പാര്‍ട്ടുമെന്‍റില്‍ പോയിട്ടില്ല.
ഇനിയുമെന്തൊക്കെ മാറ്റങ്ങള്‍?
ഒരു പ്രത്യേക നിലവാരത്തിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ ക്രിക്കറ്റ് എന്നല്ല ഏത് ഗെയിം കാണാനും ആളുണ്ടാകൂ. ഏറ്റവും താഴെക്കിടയില്‍ വനിതാ ക്രിക്കറ്റ് വളര്‍ത്തിയെടുക്കാന്‍ ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗ്രൗണ്ടും മറ്റ് സൗകര്യങ്ങളും എത്രത്തോളം ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം എന്നും ശ്രീകല എസ് ആര്‍ വ്യക്തമാക്കി. .
കാണാം അഭിമുഖത്തിന്‍റെ പൂര്‍ണരൂപം

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ
