ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം. ഹൈദരാബാദിനെതിരെ 62 റണ്‍സിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. ഹൈദരാബാദ് 165ന് പുറത്തായി. നാല് വിക്കറ്റ് നേടിയ കെ എം ആസിഫാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്.

69 റണ്‍സ് നേടിയ തന്മയ് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ദേശീയ ടീമിലേക്ക് തിരികെവരാന്‍ ഒതുങ്ങുന്ന അംബാട്ടി റായുഡുവിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. ആസിഫിന് പുറമെ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, അക്ഷന്‍ ചന്ദ്രന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, സഞ്ജു സാംസണ്‍ (36), റോബിന്‍ ഉത്തപ്പ (33), സച്ചിന്‍ ബേബി (32), പി രാഹുല്‍ (35), അക്ഷയ് ചന്ദ്രന്‍ (28), വിഷ്ണു വിനോദ് (29) എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 44 പന്തുകള്‍ നേരിട്ട സഞ്ജു ഒരു സിക്‌സും മൂന്ന് സിക്‌സും നേടി. അജയ് ദേവ് ഗൗഡ് ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.