32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ജലജ് സക്‌സേനയുടെ മൂന്ന് വിക്കറ്റാണ് പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് ജയം. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ജലജ് സക്‌സേനയുടെ മൂന്ന് വിക്കറ്റാണ് പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി എസ് ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ കേരളത്തിന് നാല് പോയിന്‍റ് ലഭിച്ചു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. റോബിന്‍ ഉത്തപ്പ (21), മുഹമ്മദ് അസറുദീന്‍ (30) ഓപ്പണിംഗ് കൂട്ടുകെട്ട 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊടുന്നനെ ഓപ്പണര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തി. രണ്ടിന് 58 എന്ന നിലയിലായി കേരളം. പിന്നീട് ഒത്തുച്ചേര്‍ന്ന സഞ്ജു- സച്ചിന്‍ ബേബി (18) കൂട്ടൂകെട്ട് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. ഇരുവരും 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇരുവരും മടങ്ങിയെങ്കിലും വിഷ്ണു വിനോദ് (11), സല്‍മാന്‍ നിസാര്‍ (20) കേരളത്തെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ സക്‌സേനയുടെ ബൗളിങ് പ്രകടനം കേരളത്തിന് നിര്‍ണായകമായി. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് പോണ്ടിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തെങ്കിലും ശ്രീശാന് തിരിച്ചുവരവ് ഗംഭീരമാക്കി. രണ്ടാം ഓവറില്‍ മനോഹരമായ ഔട്ട് സിംഗറിലൂടെയാണ് ശ്രീശാന്ത് വിക്കറ്റ് നേടിയത്. ഓപ്പണര്‍ ഫാബിദ് അഹമ്മദിന്റെ (10) വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്.
