ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. റയില്‍വേസിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ (100), വിഷ്ണു വിനോദ് (107), സഞ്ജു സാംസണ്‍ (29 പന്തില്‍ 61) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ റയില്‍വേസ് 49.4 ഓവറില്‍ 344ന് എല്ലാവരും പുറത്തായി. 79 റണ്‍സ് നേടിയ മൃണാല്‍ ദേവ്ധറാണ് റയില്‍വേസിന്റെ ടോപ് സ്‌കോറര്‍. എം ഡി നീതിഷ് മൂന്ന് വിക്കറ്റ് നേടി. എസ് ശ്രീശാന്ത്, ബേസില്‍ എന്‍ പി, സച്ചിന്‍ ബേബി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

അവസാന ഓവറുകളില്‍ 10 പന്തില്‍ 23 റണ്‍സ് നേടിയ അമിത് മിശ്രയാണ് കേരളത്തിന് ഭീഷണിയായത്. എന്നാല്‍ 50-ാം ഓവര്‍ എറിയാനെത്തിയ നിതീഷ് മിശ്രയെ വീഴ്ത്തിയതോടെ മത്സരം കേരളത്തിന്റെ കയ്യിലായി. തൊട്ടടുത്ത പന്തില്‍ പ്രദീപ് പൂജാറിനേയും മടക്കിയയച്ച് നിതീഷ് കേരളത്തിന് ജയം സസമ്മാനിച്ചു. മൃണാളിന് പുറമെ അരിന്ദം ഘോഷ് (64), സൗരഭ് സിംഗ് (50), ഹര്‍ഷ് ത്യാഗി (58), കരണ്‍ ശര്‍മ (37) എന്നിവരും റയില്‍വേസിനായി മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ഉത്തപ്പ- വിഷ്ണു സഖ്യത്തിന്റെ കൂട്ടുകെട്ടായിരുന്നു മത്സരത്തിലെ പ്രധാന സവിശേഷത്. സെഞ്ചുറി നേടിയ ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 104 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്. ശിവം ചൗധരിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഉത്തപ്പ മടങ്ങിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതുവരെ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉത്തപ്പ നേടിയിട്ടുണ്ട്.

107 പന്തില്‍ അഞ്ച് ഫോറിന്റേയും നാല് സിക്‌സിന്റെയും സഹായത്തോടെയാണ് വിഷ്ണു ഇത്രയും തന്നെ റണ്‍സ് നേടിയത്. ഉത്തപ്പ പുറത്തായ ശേഷം സഞ്ജു സാംസണിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും വിഷ്ണുവിനായി. വെടിക്കെട്ട് പ്രകടനമായിന്നു സഞ്ജുവിന്റേത്. നാല് സിക്‌സും ആറ് ഫോറും ഇതില്‍ ഉള്‍പ്പെടും. സെഞ്ചുറി തികയ്ക്കാനുള്ള സമയമുണ്ടായിരുന്നുവെങ്കിലും പൂറത്തായി. സഞ്ജുവിനെ കൂടാതെ സച്ചിന്‍ ബേബി (1), മുഹമ്മദ് അസറുദ്ദീന്‍ (5) എന്നിവരെ പുറത്താക്കി റയില്‍വേസ് കേരളത്തെ പ്രതിരോധത്തിലാക്കി. 

എന്നാല്‍ വത്സലിന്റെ ഇന്നിങ്‌സ് കേരളത്തിന്റെ സ്‌കോര്‍ 350 കടത്തി. 34 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 46 റണ്‍സ് നേടി. മൂന്ന് സിക്‌സും രണ്ട് ഫോറും ഇതില്‍ ഉള്‍പ്പെടും. റോജിത്താണ് (4) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ജലജ് സക്‌സേന (13) പുറത്താവാതെ നിന്നു. പ്രദീപ് പൂജാര്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളും ജയിച്ച കേരളം പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി ഒന്നാമതാണ്. കേരളം അടുത്ത മത്സരം കളിക്കേണ്ട കര്‍ണാടക എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. വെള്ളിയാഴ്ച്ചയാണ് മത്സരം.