മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസും തമ്മിലുള്ള കളിക്കളത്തിലെ പോരാട്ടം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. കോലിയെ പുറത്താക്കിയശേഷം നോട്ട് എഴുതി യാത്രയാക്കിയ വില്യംസിന് അതേരീതിയിലായിരുന്നു കോലി മറുപടി നല്‍കിയത്. വില്യംസിനെ ബൗണ്ടറിയടിച്ചശേഷം നോട്ടെഴുതി മറുപടി നല്‍കിയ കോലിയുടെ പ്രകടനം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇത്തവണ ഐപിഎല്ലില്‍ ആരും ടീമിലെടുക്കാതിരുന്ന വില്യംസിന് ഇനി കോലിക്കെതിരെ നേര്‍ക്ക് നേര്‍ പോരാടാന്‍ ഇന്ത്യ-വിന്‍ഡീസ് പരമ്പര വരെ കാത്തിരിക്കണം. എങ്കിലും കോലിയെ ഇനി എപ്പോള്‍ നേരിട്ടാലും പുറത്താക്കാന്‍ കഴിയുമെന്ന ഇപ്പോഴും ആത്മവിശ്വാസമുണ്ടെന്ന് വില്യംസ് പറഞ്ഞു. കോലിക്കെതിരെ പന്തെറിയുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഫസ്റ്റ്പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വില്യംസ് പറഞ്ഞു. ഫോമിലാണെങ്കില്‍ കോലി പ്രതിഭയുള്ള കളിക്കാരനാണ്. ശരിയാണ് കോലി മഹാനായ കളിക്കാരന്‍ തന്നെയാണ്. പക്ഷെ അതുകൊണ്ട് രാത്രി ഞാന്‍ അയ്യോ കോലി എന്ന് പറഞ്ഞ് പേടിച്ചല്ല ഉറങ്ങുന്നത്.

വീണ്ടും നേര്‍ക്കുനേര്‍ കാണുമ്പോള്‍ പോരാട്ടത്തിന് ഞാന്‍ തയാറാണ്. കോലി എന്നെ കാണുമ്പോള്‍ തന്നെ അടിച്ചുപറത്താം എന്ന മനോഭാവത്തോടെയാകും വരിക എന്ന് എനിക്കറിയാം. പക്ഷെ ഇത് ക്രിക്കറ്റല്ലെ, ഒരു പന്ത് പോരെ പുറത്താവാന്‍. അതെറിയാന്‍ എനിക്ക് കഴിയും. ഇനി കോലിയെ പുറത്താക്കിയാല്‍ പുതിയ രീതിയിലായിരിക്കും ആഘോഷിക്കുകയെന്നും വില്യംസ് പറഞ്ഞു.

അതിനായി നിങ്ങള്‍ കാത്തിരുന്നോളു. കോലി അക്രമണോത്സുകനായ കളിക്കാരനാണ്. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞാനെപ്പോഴും ഇഷ്ടപ്പെടുന്നു. കാരണം അത് എന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എന്നെ സഹായിക്കും. 2019ല്‍ കളിക്കളത്തില്‍ കോലിയുമായി വാക്പോരിലേര്‍പ്പെട്ടിരുന്നുവെന്നും വില്യംസ് പറഞ്ഞു.

2017ല്‍ ജമൈക്കയില്‍ താങ്കള്‍ എന്നെ പുറത്താക്കിയിരുന്നു. ഇത്തവണ അത് നടക്കില്ലെന്ന് 2019ലെ മത്സരത്തിനിടെ കോലി പറഞ്ഞു. ഒരു റണ്ണെടുക്കാനുള്ള ഓട്ടത്തിനിടെ ഞാന്‍ അറിയാതെ അദ്ദേഹത്തിന്റെ  ദേഹത്ത് തട്ടി. അപ്പോള്‍ തന്നെ അദ്ദേഹം പരാതി പറഞ്ഞു. പിന്നെ എന്നെ നോക്കി എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഇത്തവണ തന്നെ പുറത്താക്കാനാവില്ലെന്ന് വെല്ലുവിളിച്ചു. ഞാന്‍ പറഞ്ഞു, ദയവുചെയ്ത് വായടച്ച് ഒന്ന് ബാറ്റ് ചെയ്യൂ എന്നെ വെറുതെ വിടൂ എന്ന്.

Also Read:ഐപിഎല്ലില്‍ കൊച്ചിയുടെ കൊമ്പന്‍മാരായിരുന്നവര്‍ ഇപ്പോള്‍ എവിടെയാണ് ?

പിന്നീട് ഇന്ത്യന്‍ പര്യടനത്തില്‍ ഹൈദരാബാദിലെ മത്സരശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ വിമാനത്തില്‍വെച്ചും കോലി എന്നെ പ്രകോപിപ്പിച്ചു. അദ്ദേഹത്തിന് എന്തും ചെയ്യാം. കാരണം അപ്പോള്‍ അദ്ദേഹമാണല്ലോ ജയിച്ചു നില്‍ക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ മത്സരത്തില്‍ കോലി ബാറ്റിംഗിനിറങ്ങാന്‍ ഞാന്‍ കാത്തിരുന്നു. അദ്ദേഹം ഇറങ്ങിയപ്പോള്‍ എന്റെ പന്തില്‍ പുറത്താവുകയും ചെയ്തു. അദ്ദേഹത്തിനെതിരെ എനിക്ക് ദേഷ്യമൊന്നുമില്ല. ഇതെല്ലാം കളിക്കളത്തിലെ ചില പോരാട്ടങ്ങള്‍ മാത്രമാണ്. സത്യസന്ധമായി പറഞ്ഞാല്‍ കോലി മികച്ച കളിക്കാരില്‍ ഒരാള്‍ തന്നെയാണ്-വില്യംസ് പറഞ്ഞു.