ലണ്ടന്‍: അസാമാന്യ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്ന പിഞ്ചുബാലന്‍റെ വീഡിയോ ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വോണിന്‍റെ വീഡിയോ എത്തിയതോടെ ചെക്കന്‍ സോഷ്യല്‍ മീഡിയയിലെ താരമാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഈ ബാലന്‍. ഇംഗ്ലീഷ് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് ഒരു ചോദ്യം സഹിതമായിരുന്നു കെപിയുടെ പോസ്റ്റ്. ഇതിന് മറുപടിയുമായി കോലിയും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസും എത്തിയതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായി. 

എന്താണ് ഈ കാണുന്നത് എന്ന് അത്ഭുതത്തോടെ പറഞ്ഞുകൊണ്ടാണ് വീഡിയോ സഹിതമുള്ള കെപിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'ഈ കുട്ടിത്താരത്തെ സ്‌ക്വാഡിലെടുക്കൂ കോലി, ടീമിലെടുക്കില്ലേ...' എന്ന് കോലിയോട് ചോദിക്കുകയും ചെയ്തു പീറ്റേഴ്‌സണ്‍. ഇതിന് കോലിയുടെ മറുപടിയിങ്ങനെ. 'എവിടെ നിന്നാണ് ഈ ബാലതാരം. അസാമാന്യ പ്രതിഭയാണ്'. എന്നാല്‍ 'ഒരു വഴിയുമില്ല' എന്നായിരുന്നു ഫാഫ് ഇതിനടിയില്‍ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

WHAT?!?!?!?!?! Get him in your squad, @virat.kohli! Can you pick him?!?! 😱

A post shared by Kevin Pietersen (@kp24) on Dec 13, 2019 at 1:07am PST

കോപ്പിബുക്ക് ഷോട്ടുകള്‍ അനായാസം കളിക്കുന്ന ഡയപ്പര്‍ ധരിച്ച കുട്ടിത്താരത്തിന്‍റെ വീഡിയോ ഫോക്‌സ് സ്‌പോര്‍ട്‌സാണ് ആദ്യം ഷെയര്‍ ചെയ്തത്. വിസ്‌മയ കവര്‍ ഡ്രൈവുകളായിരുന്നു ബാലന്‍റേത്. ഇത് കണ്ട് അത്ഭുതപ്പെട്ട മൈക്കല്‍ വോണ്‍ വീഡിയോ റീ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ വീഡിയോ വൈറലായി. എന്നാല്‍ ഈ കുട്ടിക്രിക്കറ്ററുടെ സ്വദേശം എവിടെയെന്ന് വ്യക്തമല്ല.