രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിന് വിമര്‍ശനം നേരിടുകയാണ് ഇന്ത്യന്‍ മീഡിയം പേസര്‍ ഖലീല്‍ അഹമ്മദ്. ആദ്യ ടി20യില്‍ 37 റണ്‍സ് വഴങ്ങി വിമര്‍ശനം ഏറ്റുവാങ്ങിയ താരം രാജ്‌കോട്ടില്‍ അതിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. കൂടാതെ നാണക്കേടിന് ആക്കം കൂട്ടി മറ്റൊരു സംഭവമുണ്ടായി. 

രണ്ടാം ടി20യില്‍ നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തു ഖലീല്‍. എറിഞ്ഞ ആദ്യ ഓവറില്‍ വഴങ്ങിയത് 14 റണ്‍സ്. ആദ്യ മൂന്ന് പന്തുകളും ബംഗ്ലാ ഓപ്പണര്‍ മുഹമ്മദ് നൈം ബൗണ്ടറിയിലേക്ക് പറത്തി. ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായ ഏഴ് പന്തുകളില്‍ ബൗണ്ടറി വഴങ്ങിയ താരമായി ഖലീല്‍ അഹമ്മദ്. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ ഖലീലിന്‍റെ അവസാന ഓവറിലെ നാല് പന്തുകളില്‍ മുഷ്‌ഫീഖുര്‍ റഹീം ഫോര്‍ നേടിയിരുന്നു.

ആദ്യ ടി20യില്‍ മത്സരത്തിന്‍റെ ഗതി മാറ്റിമറിച്ചത് ഖലീലിന്‍റെ ഈ റണ്‍‌ദാനമാണ്. രണ്ടാം ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചെങ്കിലും ഖലീലിന്‍റെ പ്രകടനത്തില്‍ ആരാധകര്‍ സംതൃപ്തരല്ല. ഖലീലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.   

'