ക്രിക്കറ്റ് വാര്‍ത്തകളില്‍ കീറണ്‍ പൊള്ളാര്‍ഡാണ് താരം. കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. 31 പന്തില്‍ 83 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്.

മുംബൈ: ക്രിക്കറ്റ് വാര്‍ത്തകളില്‍ കീറണ്‍ പൊള്ളാര്‍ഡാണ് താരം. കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. 31 പന്തില്‍ 83 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്. ഈ പ്രകടനത്തോടെ വിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് താരം. ഇക്കാര്യം പൊള്ളാര്‍ഡ് തുറന്ന് പറയുകയും ചെയ്തു.

പൊള്ളാര്‍ഡ് തുടര്‍ന്നു... സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ ചെയര്‍മാന്‍ വന്നിട്ടുണ്ട്. ക്രിക്കറ്റ് ബോര്‍ഡില്‍ പുതിയ പ്രസിഡന്റാണ്. ഇക്കാര്യങ്ങള്‍ പ്രതീക്ഷയാണ്. എനിക്ക് 31 വയസ് ആയിട്ടുള്ളൂ. ഒരുപാട് ക്രിക്കറ്റ് ഇനിയും എന്നില്‍ ബാക്കിയുണ്ട്. എന്റെ ക്രിക്കറ്റ് കരിയര്‍ ഞാന്‍ ആസ്വദിക്കുന്നു. ടീമില്‍ എപ്പോഴൊക്കെ കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി. 

കഴിഞ്ഞ രണ്ട് വര്‍ഷത്തോളം മോശം സാഹചര്യത്തിലൂടെയാണ് വിന്‍ഡീസ് ക്രിക്കറ്റ് കടന്നുപോയത്. എന്നാല്‍ അടുത്തകാലത്തായി മാറ്റം വന്നിട്ടുണ്ട്. 39 വയസുള്ള ഗെയ്ല്‍ കളിക്കുന്നുണ്ട്. തീര്‍ച്ചയായും എനിക്കും കളിക്കാനുള്ള അവസരം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പൊള്ളാര്‍ഡ് പറഞ്ഞു.