അവസാന 5 ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കെ 46 റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന ഡല്‍ഹിയെ ഭുവനേശ്വര്‍ കുമാറിന്‍റെയും ജോഷ് ഹേസല്‍വുഡിന്‍റെയും ഓവറുകളിലൂടെ ആര്‍സിബി വരിഞ്ഞുമുറുക്കി.

ബെംഗളൂരു: ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡേവിഡ് മില്ലറുടെ ഫിനിഷിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റിന്‍റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി മറികടന്നു. ജയത്തോടെ ഡല്‍ഹി ആറ് പോയിന്‍റുമായി ടോപ് ഫോറില്‍ ഇടം പിടിച്ചപ്പോള്‍ ആര്‍സിബി എട്ട് പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 175-8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.5 ഓവറില്‍ 179-4.

അവസാന 5 ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കെ 46 റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന ഡല്‍ഹിയെ ഭുവനേശ്വര്‍ കുമാറിന്‍റെയും ജോഷ് ഹേസല്‍വുഡിന്‍റെയും ഓവറുകളിലൂടെ ആര്‍സിബി വരിഞ്ഞുമുറുക്കി. ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ക്കും അര്‍ധസെഞ്ചുറി നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സിനും അടിച്ചു തകര്‍ക്കാന്‍ ഇടം കൊടുക്കാതെ ഭുവിയും ഹേസല്‍വുഡും തടഞ്ഞു നിര്‍ത്തിയതോടെ ആര്‍സിബി വിജയം സ്വപ്നം കണ്ടു. അവസാന മൂന്നോവറില്‍ 37 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 24 പന്തുകളുടെ ബൗണ്ടറി വരള്‍ച്ചക്കുശേഷം സിക്സ് അടിച്ച സ്റ്റബ്സ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. റാസിക് സലാം എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സടിച്ച ഡല്‍ഹിക്ക് റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

കില്ലര്‍ മില്ലര്‍

ഷെപ്പേര്‍ഡിന്‍റെ ആദ്യ രണ്ട് പന്തുകളിലും സിംഗിളുകളെടുക്കാനെ മില്ലര്‍ക്കും സ്റ്റബ്സിനുമായുള്ളു. ഇതോടെ ലക്ഷ്യം 4 പന്തില്‍ 13 ആയി. എന്നാല്‍ ഫുള്‍ടോസായ മൂന്നാം പന്ത് സിക്സിന് പറത്തിയ മില്ലര്‍ നാലാം പന്തും സിക്സിന് തൂക്കി സ്കോര്‍ തുല്യമാക്കി. അഞ്ചാം പന്തില്‍ ബൗണ്ടറി നേടി ഡല്‍ഹിയെ വിജയവര കടത്തി. പാതും നിസങ്ക(1), കരുണ്‍ നായര്‍(5), സമീര്‍ റിസ്‌വി(2), എന്നിവരെ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാർ ഡല്‍ഹിയെ തുടക്കത്തിലെ 18-3ലേക്ക് തള്ളിയിട്ടെങ്കിലും തകര്‍ത്തടിച്ച കെ എല്‍ രാഹുല്‍(34 പന്തില്‍ 57), അവസാനം വരെ പിടിച്ചു നിന്ന ട്രിസ്റ്റന്‍ സ്റ്റബ്സ്(47 പന്തില്‍ 60*), അക്സര്‍ പട്ടേല്‍(19 പന്തില്‍ 26), ഡേവിഡ് മില്ലര്‍(10 പന്തില്‍ 22*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി ജയിച്ചു കയറിയത്.

View post on Instagram

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് നല്ല തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കഴിയാതിരുന്നതിന് തോല്‍വിയില്‍ നിര്‍ണായകമായി. അവസാന രണ്ടോവറില്‍ 8 റണ്‍സ് മാത്രമായിരുന്നു ആര്‍സിബി നേടിയത്. ജിതേഷ് ശര്‍മയുടെയും(20 പന്തില്‍ 14), ക്രുനാല്‍ പാണ്ഡ്യയുടെയും(10 പന്തില്‍ 12) അവസാന ഓവറുകളിലെ മെല്ലെപ്പോക്കാണ് ഡല്‍ഹിയു‍ടെ ജയത്തില്‍ നിര്‍ണായകമായത്. ആദ്യ പത്തോവറില്‍ 99 റണ്‍സടിച്ച ആര്‍സിബിക്ക് അവസാന പത്തോവറില്‍ 76 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന രണ്ടോവറില്‍ 8 റണ്‍സ് മാത്രമാണ് ആര്‍സിബി നേടിയത്.

View post on Instagram

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ആർസിബിക്ക് വിരാട് കോലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 5 ഓവറില്‍ 52 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും കോലി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഡൽഹി ആര്‍സിബിയെ 200 കടക്കാതെ പിടിച്ചുകെട്ടി. 38 പന്തില്‍ 63 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. സാള്‍ട്ട് കഴിഞ്ഞാല്‍ 17 പന്തില്‍ 26 റണ്‍സടുത്ത ടിം ഡേവിഡ് മാത്രമാണ് ആര്‍സിബിക്കായി പൊരുതിയത്. കോലി 13 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കായി കുല്‍ദീപ് യാദവും ക്യാപ്റ്റൻ അക്സര്‍ പട്ടേലും ലുങ്കി എൻഗിഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക