ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇടക്കാല പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കിരണ്‍ മോറെയെ നിയമിച്ചു. അമേരിക്കന്‍ ക്രിക്കറ്റ് അസോസിയേഷനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ച പുബ്‌ദു ദസനായകെയ്‌ക്ക് പകരമാണ് മോറെയുടെ നിയമനം. 

ഈ വര്‍ഷം മാര്‍ച്ച് വരെയായിരുന്ന കരാര്‍ ഡിസംബര്‍ വരെ നീട്ടിനല്‍കിയെങ്കിലും രാജിവെക്കാന്‍ ശ്രീലങ്കന്‍ മുന്‍ താരമായ ദസനായകെ തീരുമാനിക്കുകയായിരുന്നു. ദസനായകെയ്‌ക്ക് കീഴില്‍ ഹോങ്കോംഗിനെ 84 റണ്‍സിന് തോല്‍പിച്ച് അസോസിയേറ്റ് അംഗമായ അമേരിക്ക ഈ വര്‍ഷം ഏപ്രിലില്‍ ഏകദിന പദവി സ്വന്തമാക്കിയിരുന്നു. 

മോറെ ഇന്ത്യക്കായി 49 ടെസ്റ്റുകളും 94 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീം മുഖ്യ സെലക്‌ടറായും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിക്കറ്റ് കീപ്പിംഗ് ഉപദേശകനായും മോറെ സേവനം ചെയ്തിട്ടുണ്ട്.