ഇന്ത്യയുടെ സൂപ്പർ താരങ്ങളിലൊരാളായ രാഹുൽ, കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആതിയയുമായുള്ള പ്രണയം പരസ്യമാക്കിയത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പർ ജയന്റ്സ് നായകനുമായ കെ എൽ രാഹുൽ (KL Rahul) വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെയാണ് (Athiya Shetty) രാഹുൽ വിവാഹം ചെയ്യുന്നത്. ഈ വർഷം തന്നെ വിവാഹം നടന്നേക്കുമെന്ന് ബോളിവുഡ് വാർത്താ പോർട്ടലായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹത്തിനുള്ള തയ്യാറെടുപ്പ് ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം. എന്നാൽ വിവാഹ വാർത്തയിൽ രാഹുലോ ആതിയയോ കുടുംബങ്ങളോ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ സൂപ്പർ താരങ്ങളിലൊരാളായ രാഹുൽ, കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആതിയയുമായുള്ള പ്രണയം പരസ്യമാക്കിയത്. ആതിയയുടെ ജന്മദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രാഹുൽ പങ്കുവെച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുൽ പരസ്യമാക്കിയതോടെയാണ് ബന്ധം സ്ഥിരീകരിച്ചത്. 2015ൽ പുറത്തിറങ്ങിയ ഹീറോയാണ് ആതിയയുടെ ആദ്യ ബോളിവുഡ് ചിത്രം.