Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണിന് നഷ്ടമായ അവസരം മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ലോട്ടറി; രാഹുലിന്‍റെ കാര്യം തീരുമാനമായി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യയുടെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍

KL Rahul relieved from Test wicketkeeping duties who will next KS Bharat or Dhruv Jurel
Author
First Published Jan 14, 2024, 9:49 AM IST

മുംബൈ: കെ എല്‍ രാഹുല്‍ ഇനി ടെസ്റ്റില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറുടെ റോള്‍ അണിയില്ല എന്ന് റിപ്പോര്‍ട്ട്. രാഹുലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് ഇനി കളിപ്പിക്കുക എന്നും കെ എസ് ഭരതും ധ്രുവ് ജൂരെലുമായിരിക്കും വിക്കറ്റ് കീപ്പര്‍മാര്‍ എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന പരമ്പരയില്‍ ബാറ്റര്‍ മാത്രമായാണ് രാഹുല്‍ കളിക്കുക. 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യയുടെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 101 റണ്‍സടിച്ച് രാഹുല്‍ കയ്യടിവാങ്ങുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ജനുവരി 25ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവില്ല. രാഹുലിന് ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കുകയാണ് ബിസിസിഐ. പന്തുകള്‍ കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ടെസ്റ്റിന് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ തന്നെ അനിവാര്യമാണ് എന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് രാഹുലിനെ കൂടാതെ ഇടംപിടിച്ച വിക്കറ്റ് കീപ്പര്‍മാരായ കെ എസ് ഭരത്, ധ്രുവ് ജൂരെല്‍ എന്നിവര്‍ക്ക് ഇതോടെ അവസരമൊരുങ്ങും. 

ഇനി മുതല്‍ കെ എല്‍ രാഹുല്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് കളിക്കുക. വിദേശ ടെസ്റ്റുകളില്‍ ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കി വിക്കറ്റിന് പിന്നില്‍ നിന്നാല്‍ മാത്രം മതി. എന്നാല്‍ സ്പിന്നര്‍മാര്‍ കളി നിയന്ത്രിക്കുന്ന ഇന്ത്യയില്‍ ടേണും ബൗണ്‍സും അപ്രതീക്ഷിതമാണ് എന്നതിനാല്‍ ഒരാളെ വിക്കറ്റ് കീപ്പര്‍ ചുമതലയ്ക്കായി തന്നെ നിയോഗിക്കണം. രാഹുല്‍ നമ്മുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. വിക്കറ്റ് കീപ്പറുടെ അമിത ഭാരം കൂടി നല്‍കി അത് നശിപ്പിക്കേണ്ടതില്ല. കീപ്പിംഗ് കൂടി ചെയ്യുമ്പോള്‍ പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണ്. രാഹുല്‍ 2023 മെയ് മാസത്തില്‍ കാല്‍ത്തുടയ്ക്ക് ശസ്ത്രക്രിയക്ക് വിധേയനായിട്ടുമുണ്ട്. ഭരതും ജൂരെലുമായിരിക്കും ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് കീപ്പര്‍മാര്‍ എന്നും ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

കെ എസ് ഭരത് മുമ്പും ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ധ്രുവ് ജൂരെലിനെ ടെസ്റ്റ് സ്ക്വാഡ‍ിലേക്ക് വിളിച്ചത് ടീം സെലക്ഷനെ ശ്രദ്ധേയമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനായി 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 46.47 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റികളും സഹിതം 790 റണ്‍സ് ജൂരെല്‍ നേടിയത് സെലക്ഷന് ഉപകരിച്ചു. ഇഷാന്‍ കിഷന്‍ മടങ്ങിയെത്തിയാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പോരാട്ടം കടുക്കും. 

Read more: എട്ടാമനായിറങ്ങി മിന്നലടി; രഞ്ജി ട്രോഫിയില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വെടിക്കെട്ട്, സിക്‌സര്‍ കൊണ്ട് ആറാട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios