ബംഗലൂരു: വീണ്ടും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ 2019 ഏകദിന ലോകകപ്പിലെ സെമിഫൈനല്‍ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. 2019 ഏകദിന ലോകകപ്പ് സെമിയല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് തോറ്റതിനെക്കുറിച്ചായിരുന്നു ചാറ്റ് ഷോയില്‍ പങ്കെടുക്കവെ രാഹുലിന്റെ പരാമര്‍ശം.

ലോകകപ്പ് സെമി ഫൈനലിലെ തോല്‍വി ഭൂരിഭാഗം കളിക്കാരുടെയും മനസില്‍ നിന്ന് ഇപ്പോഴും പോയിട്ടില്ലെന്നും അതിപ്പോഴും തങ്ങളെ വേട്ടയാടുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആ മത്സരത്തെക്കുറിച്ച് സീനിയര്‍ താരങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷെ, ടൂര്‍ണമെന്റില്‍ ആകെ മികച്ച പ്രകടനം പുറത്തെടുത്തശേഷം ഒറ്റ മത്സരത്തിലെ പിഴവില്‍ പുറത്തുപോയത് ഓര്‍ത്ത് ഇപ്പോഴും പലരാത്രികളും എനിക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്-രാഹുല്‍ പറഞ്ഞു.

Also Read: സച്ചിനില്‍ നിന്നാണ് ഞാന്‍ പലതും പഠിച്ചത്; പിറന്നാള്‍ ദിവസം ഓര്‍മകള്‍ പങ്കുവച്ച് ശ്രീശാന്ത്

കൂടെ ബാറ്റ് ചെയ്യാന്‍ ഏറ്റവുമധികം ഇഷ്ടമുള്ള ബാറ്റ്സ്മാന്‍ ആരാണെന്ന ചോദ്യത്തിന് ക്യാപ്റ്റന്‍ വിരാട് കോലി എന്നായിരുന്നു രാഹുലിന്റെ മറുപടി. എല്ലാവര്‍ക്കുമറിയാം വിരാട് മഹാനായ കളിക്കാരനാണെന്ന്. ഞങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. എനിക്കുവേണ്ടി അദ്ദേഹം എന്തും ചെയ്യുമെന്ന് എനിക്കറിയാം. ഓസ്ട്രേലിയന്‍ പരമ്പരയില്‍ സിഡ്നിയില്‍ നേടിയ സെഞ്ചുറിയാണ് കരിയര്‍ മാറ്റി മറിച്ചതെന്നും രാഹുല്‍ പറഞ്ഞു.

ആ ഇന്നിംഗ്സിനുശേഷമാണ് ശ്രമിച്ചാല്‍ എനിക്ക് കഴിയുമെന്ന തോന്നല്‍ എന്നിലുറച്ചത്. കാരണം അത്തരമൊരു വേദിയില്‍ അങ്ങനെ ഒരു പ്രകടനം ആരുടെയും സ്വപ്നമാണ്.തനിക്കൊരിക്കലും അതിന് കഴിയുമെന്ന് അതുവരെ വിശ്വാസമുണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Also Read: സച്ചിന്റെ മറുപടി എന്നെ നാണംകെടുത്തി; പിന്നീടൊരിക്കലും സച്ചിനെ സ്ലെഡ്ജ് ചെയ്തിട്ടില്ലെന്ന് സഖ്‌ലിയന്‍

ലോക്ക് ഡൗണ്‍ കാലത്ത് ബംഗലൂരുവില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഞാനും എന്റെ കുടുംബവും ബംഗലുരുവിലാണ്. ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. പരിശീലനം മുടക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. തുടര്‍ച്ചയായി കളിച്ചുകൊണ്ടിരുന്നപ്പോള്‍ എല്ലാവര്‍ക്കും കുടുംബംത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്ന വിഷമമായിരുന്നു. ഇപ്പോഴാകട്ടെ ഞങ്ങള്‍ക്ക് ഇത്രയും വലിയ ബ്രേക്ക് വേണ്ടെന്ന തോന്നലാണ്-രാഹുല്‍ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരമൊഴികെ എല്ലാ മത്സരങ്ങളും ജയിച്ച് സെമിയിലെത്തിയ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്താവുകയായിരുന്നു.