2016ലാണ് ഇന്ത്യയും വിന്‍ഡീസും ലൗഡര്‍ഹില്‍സില്‍ ആദ്യം ഏറ്റു മുട്ടിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ചെറിയ ഗ്രൗണ്ടിന്‍റെ ആനൂകൂല്യത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചു.

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യയും വിന്‍ഡീസും അമേരിക്കയിലേക്ക് പോകുകയാണ്. വരുന്ന ശനിയാഴ്ചയും ഞായറാഴ്ചയുമാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്ക് ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയം വേദിയാവുക.

പരമ്പരയില്‍ 2-1ന് മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ഒരു ജയം കൂടി നേടിയാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കാനാവും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഫ്ലോറിഡയില്‍ ഇന്ത്യ കളിക്കുന്ന അഞ്ചാമത്തെ മത്സരമാണിത്. നാലു മത്സരങ്ങളിലും വെസ്റ്റ് ഇന്‍ഡീസ് തന്നെയായിരുന്നു എതിരാളികള്‍. രണ്ട് കളികളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒരെണ്ണം വിന്‍ഡീസ് ജയിച്ചു. ഒരു മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനായില്ല.

രാഹുലിന്‍റെ വെടിക്കെട്ടിലും ഇന്ത്യ തോറ്റു

2016ലാണ് ഇന്ത്യയും വിന്‍ഡീസും ലൗഡര്‍ഹില്‍സില്‍ ആദ്യം ഏറ്റു മുട്ടിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ചെറിയ ഗ്രൗണ്ടിന്‍റെ ആനൂകൂല്യത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ എവിന്‍ ലൂയിസും ജോണ്‍സണ്‍ ചാള്‍സും 126 റണ്‍സടിച്ച് വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം നല്‍കി. 49 പന്തില്‍ സെഞ്ചുറി നേടിയ ലൂയിസാണ് വിന്‍ഡീസിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.

ലോകം കീഴടക്കും മുമ്പെ ആദ്യം ഏഷ്യ; ഏഷ്യാ കപ്പ് പ്രൊമോഷണല്‍ വീഡിയോ പങ്കുവെച്ച് രോഹിത് ശര്‍മ

മറുപടി ബാറ്റിംഗില്‍ നാലാമനായി ക്രീസിലെത്തിയ കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയെ നയിച്ചു. 51 പന്തില്‍ 110 റണ്‍സടിച്ച രാഹുലിന്‍റെ മികവില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്ത് എത്തി. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസില്‍ രാഹുലിന് പുറമെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണിയും. പന്തെറിഞ്ഞത് ഡ്വയിന്‍ ബ്രാവോ ആയിരുന്നു.

ആദ്യ നാലു പന്തില്‍ നാല് സിംഗിളുകള്‍ മാത്രം വഴങ്ങിയ ബ്രാവോക്കെതിരെ അഞ്ചാം പന്തില്‍ ധോണി ഡബിളോടി. ഇതോടെ അവസാന പന്തില്‍ ലക്ഷ്യം രണ്ട് റണ്‍സ് മാത്രം. എന്നാല്‍ അവസാന പന്തില്‍ ധോണിയുടെ ഷോട്ട മര്‍ലോണ്‍ സാമുവല്‍സിന്‍റെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ത്യ ഒരു റണ്‍സിന് തോറ്റു. 25 പന്തില്‍ ധോണി 43 റണ്‍സെടുത്തെങ്കിലും ഇന്ത്യക്കായി ഫിനിഷ് ചെയ്യാനായില്ല. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു.