ഏകദിന ടീം ക്യാപ്റ്റനായി തുടരാന്‍ കോലിയെ ദീര്‍ഘനാള്‍ അനുവദിക്കുമോയെന്നും കണ്ടറിയണം. അതേസമയം ബാറ്റിംഗില്‍ കോലി ഫോം  വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

മുംബൈ: ടി20 നായകപദവി ഒഴിയുമെന്ന് പ്രഖ്യാപിച്ചതോടെ ലോകകപ്പ് വിജയിക്കാന്‍ വിരാട് കോലിക്ക് മേല്‍ സമ്മര്‍ദ്ദമേറും. ഏകദിന ടീം ക്യാപ്റ്റനായി തുടരാന്‍ കോലിയെ ദീര്‍ഘനാള്‍ അനുവദിക്കുമോയെന്നും കണ്ടറിയണം. അതേസമയം ബാറ്റിംഗില്‍ കോലി ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടി20 നായകപദവി ഒഴിയുമെന്ന വിരാട് കോലിയുടെ പ്രസ്താവനയേക്കാള്‍ അത്ഭുതകരമായിരുന്നു തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ നായകന്റെ ജോലിഭാരത്തെ കുറിച്ച് ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് ജെയ് ഷാ സ്ഥിരീകരിച്ചിരുന്നു.

മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ നായകനാകണമെന്ന നിര്‍ബന്ധം ബിസിസിഐക്ക് ഇല്ലെന്ന സൂചന കൂടിയാണ് നല്‍കിയത്. ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ രോഹിത് ശര്‍മയുടെ അഭിപ്രായം സെലക്ടമാര്‍ തേടിയതും തീരുമാനം വേഗത്തിലാക്കാന്‍ കോലിയെ പ്രേരിപ്പിച്ചിട്ടുണ്ടാകും. 

ടി20 നായകപദവിയില്‍ കോലിയുടെ പിന്‍ഗാമി തിളങ്ങിയാല്‍ 2023ല്‍ ഇന്ത്യ വേദിയായ ലോകകപ്പിന് മുന്‍പ് ഏകദിന ടീം തലപ്പത്തും മാറ്റം വന്നേക്കാം. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിടെ ടെസ്റ്റ് ടീം ക്യാപ്റ്റനായെങ്കിലും ടി20 ലോകകപ്പില്‍ കോലി ഇന്ത്യയെ നയിക്കുന്നത് ഇതാദ്യമാണ്.