റാഞ്ചി: ഹോംഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് എപ്പോഴും നേരിടുന്ന വിമര്‍മശനമാണ് സ്വന്തം ടീമിന് അനുകൂലമായ പിച്ചുണ്ടാക്കുന്നുവെന്നുള്ളത്. പന്ത് കുത്തിത്തിരിയുന്ന പിച്ചുകളുണ്ടാക്കി ഫലം അനുകൂലമാക്കുന്നുവെന്നാണ് പൊതുവെ കേള്‍ക്കുന്ന പരാതി. എന്നാല്‍ ഇത്തവണ ദക്ഷിണാഫ്രിക്ക പര്യടനത്തിനെത്തിയപ്പോള്‍ സ്പിന്നര്‍മാര്‍ക്കൊപ്പം പേസര്‍മാരും മികവ് കാണിച്ചു.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ഇന്ത്യന്‍ പിച്ചുകളെ പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നതും ഇത് ഇന്ത്യന്‍ ബൗളര്‍മാരുടെ വിജയമാണെന്നാണ്. കോലി തുടര്‍ന്നു... ''മുമ്പ് ഇന്ത്യ കരുത്ത് തെളിയിച്ചിട്ടുള്ളത് സ്പിന്‍ വകുപ്പിലാണ്. എന്നാലിപ്പോള്‍ പേസര്‍മാരും മികവ് പുലര്‍ത്താന്‍ തുടങ്ങി. ടീമിന്റെ പ്രകടനം മറ്റൊരു തലത്തിലേക്ക് മാറിക്കഴിഞ്ഞു. പിച്ചിന്റെ സഹായമില്ലാതെ വിജയം നേടുന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. 

ഏതുതരം പിച്ചിലും ഈ ടീമിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എവിടെയാണെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടാനാകും. ഫീല്‍ഡിങ്ങും മികച്ച മെച്ചപ്പെട്ട് വരുന്നുണ്ട്. ലോകത്തിലെ മികച്ച ടീമെന്ന ഖ്യാതി നിലനിര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.'' കോലി പറഞ്ഞുനിര്‍ത്തി.