മുംബൈ: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ടീമിനെ ഒരുക്കുന്ന തിരക്കിലാണ് മിക്കവാറും ടീമുകളും. ഇന്ത്യന്‍ ടീമിന്റെ കാര്യങ്ങളും വ്യത്യസ്തമല്ല. ലോകകപ്പിന് ടീമിനെ ഒരുക്കേണ്ടതിനാല്‍ പലവിധ പരീക്ഷണങ്ങളിലൂടെ ടീം കടന്ന് പോകുമെന്ന് കോലി അറിയിച്ചിരുന്നു. ഇപ്പോള്‍ അക്കാര്യം ഒരിക്കല്‍കൂടി പറഞ്ഞിരിക്കുകയാണ് കോലി. 

ലോകകപ്പിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധിക്കുന്നതെന്ന കോലി റാഞ്ചിയില്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനെ കുറിച്ചാണ് ടീം മാനേജ്‌മെന്റ് ശ്രദ്ധിക്കുന്നത്. മികച്ച ടീമിനെ അണിനിരത്തുകയാണ് ലക്ഷ്യം. കിരീടം നേടാന്‍ പാകത്തില്‍ ഒരു ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം. ടീമിലേക്ക് വരുന്ന താരങ്ങള്‍ എല്ലാവരും ആവേശത്തിലായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ല. എല്ലാവരും അവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കും.'' കോലി പറഞ്ഞുനിര്‍ത്തി. 

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ വിന്‍ഡീസിനോട് പുറത്താവുകയായിരുന്നു. ഏകദിന ലോകകപ്പിലും കാര്യം വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ട് തന്നെ കിരീടമല്ലാതെ മറ്റൊന്നും കോലിയുടെയും സഖ്യത്തിന്റെയും മുന്നിലുണ്ടാവില്ല.