ഇന്ത്യന്‍ കുപ്പായത്തില്‍ വിരാട് കോലിയെ വീണ്ടും ട്വന്‍റി 20 കളിപ്പിക്കേണ്ടിവരും എന്ന് തോന്നിപ്പിക്കുന്നതാണ് കണക്കുകള്‍

ഗയാന: 2024ലെ ട്വന്‍റി 20 ലോകകപ്പ് മുന്‍നിര്‍ത്തി ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ യുവനിരയെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ്. റണ്‍മെഷീനുകളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ടി20യില്‍ നിലവില്‍ കളിക്കുന്നില്ല. നാലാം നമ്പറില്‍ പുതുതായി എത്തിയ താരം തിലക് വര്‍മ്മ പ്രതീക്ഷ നല്‍കുമ്പോഴും മൂന്നാം നമ്പറില്‍ ഇതുവരെ ബാറ്ററെ ഉറപ്പിക്കാന്‍ ടീം ഇന്ത്യക്കായിട്ടില്ല എന്നതാണ് വസ്‌തുത. ട്വന്‍റി 20യിലെ ലോക നമ്പര്‍ 1 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ പോലും സ്കൈ കോലിക്ക് പകരക്കാനാവുന്നില്ല എന്നതാണ് സമീപകാല റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യന്‍ കുപ്പായത്തില്‍ വിരാട് കോലിയെ വീണ്ടും ട്വന്‍റി 20 കളിപ്പിക്കേണ്ടിവരും എന്ന് തോന്നിപ്പിക്കുന്നതാണ് കണക്കുകള്‍. രാജ്യാന്തര ട്വന്‍റി 20യില്‍ ടീം ഇന്ത്യ അവസാനം കളിച്ച 31 മത്സരങ്ങളില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ താരങ്ങളുടെ റെക്കോര്‍ഡ് ഇന്ത്യന്‍ മാനേജ്‌മെന്‍റിനെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മുപ്പത്തിയൊന്നില്‍ 15 കളികളിലും മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി 57.80 ശരാശരിയിലും 131.06 സ്‌ട്രൈക്ക് റേറ്റിലും 578 റണ്‍സ് സ്വന്തമാക്കി. ഏഴ് തവണ 50+ സ്കോര്‍ നേടാന്‍ കിംഗിനായി. 2022ലെ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ ശേഷം വിരാട് കോലി രാജ്യാന്തര ടി20 കളിച്ചിട്ടില്ല. അതിനാല്‍ തന്നെ ലോകകപ്പിന് ശേഷം മൂന്നാം നമ്പറില്‍ ബാറ്റര്‍മാരുടെ തലകള്‍ മാറിമാറി വന്നു. 

കോലി ഇറങ്ങാതിരുന്ന 16 മത്സരങ്ങളില്‍ ഇന്ത്യ ബാറ്റര്‍മാരെ മാറിമാറി പരീക്ഷിച്ചപ്പോള്‍ നാല് താരങ്ങള്‍ക്കാണ് മൂന്നാം നമ്പറിലിറങ്ങാന്‍ ഭാഗ്യമുണ്ടായത്. ഇവരില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഏറെ മത്സരങ്ങള്‍ നഷ്‌ടമാവുകയും ചെയ്‌തു. ശ്രേയസ് അയ്യരിന് പുറമെ സൂര്യകുമാര്‍ യാദവും രാഹുല്‍ ത്രിപാഠിയും ദീപക് ഹൂഡയും മൂന്നാം നമ്പറില്‍ ക്രീസിലെത്തിയപ്പോള്‍ നാല് പേരും ചേര്‍ന്ന് 16 ഇന്നിംഗ്‌സിലാകെ നേടിയത് 350 റണ്‍സ് മാത്രം. ഒരു 50+ സ്കോറേ ഈ നാല്‍വര്‍ സംഘത്തിനുള്ളൂ. 23.33 ബാറ്റിംഗ് ശരാശരിയും 140 പ്രഹരശേഷിയുമാണ് ഇവരുടേതായി കണക്ക് ബുക്കിലുള്ളത്. കിവികള്‍ക്കെതിരെ സൂര്യകുമാര്‍ യാദവ് 51 പന്തില്‍ നേടിയ 111 റണ്‍സാണ് ഇരുപത്തിമൂന്ന് ബാറ്റിംഗ് ശരാശരിയിലേക്കും 140 സ്‌ട്രൈക്ക് റേറ്റിലേക്കും കണക്കുകള്‍ ഉയര്‍ത്തിയത്. സ്കൈയുടെ ഈ പ്രകടനം ഇല്ലായിരുന്നെങ്കില്‍ അതിദയനീയമായേനേ ഇന്ത്യന്‍ താരങ്ങളുടെ റെക്കോര്‍ഡ്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയില്‍ ആദ്യ രണ്ട് കളികളിലും മൂന്നാമനായി ക്രീസിലെത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. ആദ്യ കളിയില്‍ 21 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സാണ് സ്കൈക്ക് നേടാനായത്. ജേസന്‍ ഹോള്‍ഡറുടെ പന്തില്‍ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ പിടിച്ചായിരുന്നു സൂര്യയുടെ പുറത്താകല്‍. രണ്ടാം മത്സരത്തില്‍ 3 പന്തില്‍ ഒരു റണ്ണുമായി കെയ്‌ല്‍ മെയേഴ്‌സിന്‍റെ പന്തില്‍ റണ്ണൗട്ടായി. 

Read more: അസാമാന്യ മെയ്‌വഴക്കം! കിടുക്കി, തിമിര്‍ത്തു സഞ്ജു സാംസണ്‍; തലയില്‍ കൈവെച്ച് പുരാന്‍- കാണാം ക്യാച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം