കൊല്‍ക്കത്ത: ബാറ്റ്സ്മാനെന്ന നിലയില്‍ ഐപിഎല്ലില്‍ വെടിക്കെട്ട് ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചിട്ടുള്ള മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ഇനി ഐപിഎല്ലില്‍ പരിശീലക കുപ്പായത്തിലെത്തും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായാണ് മക്കല്ലം വരുന്നത്. ജാക്വിസ് കാലിസിന്റെ പകരക്കാരനായാണ് മക്കല്ലം ചുമതലയേല്‍ക്കുക.

കാലിസ് പരിശീലിപ്പിച്ച കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്താനായിരുന്നില്ല. തുടര്‍ന്നാണ് കാലിസിനെ പരിശീലകസ്ഥാനത്തുനിന്ന് കൊല്‍ക്കത്ത മാറ്റിയത്. മക്കല്ലം കൊല്‍ക്കത്തയുടെ സഹപരിശീലകനാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപ്രതീക്ഷിതമായി മക്കല്ലത്തെ മുഖ്യ പരിശീലകനായി ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുകയായിരുന്നു.

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കായി 73 പന്തില്‍ 158 റണ്‍സടിച്ച മക്കല്ലം ഏറെക്കാലം കൊല്‍ക്കത്തയുടെ വെടിക്കെട്ട് ഓപ്പണറായിരുന്നു. 2016ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മക്കല്ലം പിന്നീട് വിവിധ ടി20 ലീഗുകളില്‍ സജീവമായിരുന്നു. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിലും മക്കല്ലം ഉണ്ടായിരുന്നെങ്കിലും ടീമുകളിലൊന്നിലും ഇടം പിടിക്കാനായില്ല. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20യിലാണ് മക്കല്ലം അവസാനമായി കളിച്ചത്. ഇതിനുശേഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് മക്കല്ലം പ്രഖ്യാപിച്ചിരുന്നു.