പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുന്‍ ചെന്നൈ താരങ്ങളായ സിമര്‍ജീത് സിംഗ്, കെ എം ആസിഫ്, വെറ്ററന്‍ താരം സന്ദീപ് വാര്യര്‍ എന്നിവര്‍ ടീമിന്റെ പരിഗണനയിലുണ്ട്.
കൊല്‍ക്കത്ത: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി പരിക്കേറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിലാണ് മൂന്ന് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ സിമര്‍ജീത് സിംഗ്, കെ എം ആസിഫ് എന്നിവര്‍ക്കൊപ്പം വെറ്ററന്‍ താരം സന്ദീപ് വാര്യരെയും കെ കെ ആര്‍ ലക്ഷ്യമിടുന്നുണ്ട്. ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിനിടെ വലതുകാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ഷിത് റാണ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്. താരം എപ്പോള്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ടീം മാനേജ്മെന്റ് പുതിയ ഓപ്ഷനുകള്‍ തേടുന്നത്.
140 കിലോ മീറ്ററിലധികം വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള സിമര്‍ജീത്, മുംബൈയില്‍ നടന്ന ട്രയല്‍സിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 2022ല്‍ താരം തിളങ്ങിയിരുന്നു. കേരള താരമായ ആസിഫ് ഈയിടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 24 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിലായിരുന്നു. വേഗതയുണ്ടെങ്കിലും പരിക്കുകള്‍ ആസിഫിന് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. 2019ല്‍ കെകെആറിലൂടെ അരങ്ങേറിയ സന്ദീപിന് ഫ്രാഞ്ചൈസിയുമായുള്ള മുന്‍പരിചയം ഗുണകരമാകും. കഴിഞ്ഞ ബുധനാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ട്രയല്‍സില്‍ ആസിഫിനൊപ്പം സന്ദീപും പങ്കെടുത്തിരുന്നു.
പതിരാനയുടെ കാര്യത്തില്‍ അനിശ്ചിതത്വം
ശ്രീലങ്കന്‍ താരം മതീഷ പതിരാനയുടെ ലഭ്യതയിലും കെകെആറിന് ആശങ്കയുണ്ട്. 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പതിരാനയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഇതുവരെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. ലോകകപ്പിനിടെയേറ്റ പരിക്കില്‍ നിന്ന് താരം മുക്തനായി വരുന്നതേയുള്ളൂ. പതിരാനയുടെ വരവ് വൈകുന്നതിനാല്‍ ഓരോ ദിവസവും താരത്തിനായുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്യുന്ന അവസ്ഥയിലാണെന്ന് ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മുസറബാനിയില്‍ പ്രതീക്ഷ
മുസ്തഫിസുര്‍ റഹ്മാന് പകരം ടീമിലെത്തിയ സിംബാബ്വെ താരം ബ്ലെസിംഗ് മുസറബാനിയിലാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണ്. ലോകകപ്പില്‍ 13 വിക്കറ്റുകളുമായി തിളങ്ങിയ മുസറബാനി, ഓസ്ട്രേലിയക്കെതിരായ അട്ടിമറി വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഇതിനുപുറമെ വൈഭവ് അറോറ, ആകാശ് ദീപ്, കാര്‍ത്തിക് ത്യാഗി, ഉമ്രാന്‍ മാലിക് എന്നിവരും കെ.കെ.ആര്‍ പേസ് നിരയിലുണ്ട്.

