കഴിഞ്ഞ സീസണിലെ നിര്‍ണായക താരങ്ങളെ നിലനിര്‍ത്തിയ ടീം ലേലത്തിലൂടെ കൂടുതല്‍ കരുത്തരായ താരങ്ങളെയും സ്വന്തമാക്കി.

തിരുവനന്തപുരം: കിരീടം നിലനിര്‍ത്താന്‍ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ വരവ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വച്ച താരങ്ങളെയെല്ലാം നിലനിര്‍ത്തി. ഒപ്പം ലേലത്തിലൂടെ കൂടുതല്‍ കരുത്തരായ താരങ്ങളെ സ്വന്തമാക്കുകയും ചെയ്തു. ഏതൊരു ടീമും മോഹിക്കുന്നൊരു ബാറ്റിങ് ബൌളിങ് നിരയാണ് രണ്ടാം സീസണില്‍ കൊല്ലം സെയിലേഴ്‌സിന്റേത്. കഴിഞ്ഞ സീസണിലെപ്പോലെ സച്ചിന്‍ ബേബി തന്നെയാണ് ക്യാപ്റ്റന്‍.

കഴിഞ്ഞ തവണ ടീമിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച അഞ്ച് താരങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഇത്തവണയും ടീമിനൊപ്പം തന്നെയുണ്ട്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും അടക്കം 528 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയായിരുന്നു കഴിഞ്ഞ സീസണിലെ ടീമിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ജെ നായരും വത്സല്‍ ഗോവിന്ദുമായിരുന്നു റണ്‍വേട്ടയില്‍ സച്ചിന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. മൂവരും ഇത്തവണയും ടീമിനൊപ്പമുള്ളതിനാല്‍ അടിസ്ഥാന ബാറ്റിങ് നിരയില്‍ വലിയ മാറ്റങ്ങളില്ല. ഇവര്‍ക്കൊപ്പം വിഷ്ണു വിനോദിനെയും എം എസ് അഖിലിനെയും കൂടി ടീമിലെത്തിച്ചതോടെ ബാറ്റിങ് കൂടുതല്‍ കരുത്തുറ്റതായി.

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു വിഷ്ണു വിനോദ്. ഒരു സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും അടക്കം 438 റണ്‍സായിരുന്നു വിഷ്ണു വിനോദ് അടിച്ചു കൂട്ടിയത്. രാഹുല്‍ ശര്‍മ്മയും ഭരത് സൂര്യയും ഷറഫുദ്ദീനുമടക്കം ബാറ്റിങ്ങില്‍ തിളങ്ങുന്ന താരങ്ങള്‍ ഇനിയുമുണ്ട് കൊല്ലം നിരയില്‍. ബൌളിങ്ങിലും കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെല്ലാം ഇത്തവണയുമുണ്ട്. 19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രധാന വിക്കറ്റു വേട്ടക്കാര്‍.

ഇവര്‍ ഇരുവരും തന്നെയായിരിക്കും ഇത്തവണയും ബൌളിങ് നിരയെ നയിക്കുക. പവന്‍രാജ്, വിജയ് വിശ്വനാഥ് എന്നിവരെ ലേലത്തിലൂടെ വീണ്ടും സ്വന്തമാക്കിയപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം ജോസ് പെരയില്‍ തുടങ്ങിയവരെ പുതുതായി ടീമിലെത്തിക്കാനുമായി. ഷറഫുദ്ദീനും എം എസ് അഖിലുമാണ് ടീമിന്റെ ഓള്‍ റൌണ്ട് കരുത്ത്. ഇതിനൊപ്പം അമല്‍ജിത് അനു, സച്ചിന്‍ പി എസ്, അജയ്‌ഘോഷ് തുടങ്ങിയ താരങ്ങളും ഇത്തവണ ടീമിനൊപ്പമുണ്ട്. മോനിഷ് സതീഷാണ് ഈ സീസണില്‍ ടീമിന്റെ പരിശീലകന്‍. നിഖിലേഷ് സുരേന്ദ്രനാണ് അസിസ്റ്റന്റ് കോച്ച്. മാനേജറായി അജീഷും വീഡിയോ അനലിസ്റ്റായി ആരോണ്‍ ജോര്‍ജ് തോമസും ടീമിനൊപ്പമുണ്ട്.

ടീം അംഗങ്ങള്‍. സച്ചിന്‍ ബേബി, എന്‍ എം ഷറഫുദ്ദീന്‍, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, അഭിഷേക് ജെ നായര്‍, അഖില്‍ എം എസ്, ബിജു നാരായണന്‍, വിജയ് വിശ്വനാഥ്,രാഹുല്‍ ശര്‍മ്മ, അതുല്‍ജിത് അനു, അമല്‍ എ ജി, ആഷിക് മുഹമ്മദ്, സച്ചിന്‍ പി എസ്, അജയ്‌ഘോഷ് എന്‍ എസ്, പവന്‍ രാജ്, ജോസ് പെരയില്‍, ഏദന്‍ ആപ്പിള്‍ ടോം, ഭരത് സൂര്യ.

YouTube video player