വിഷ്ണു വിനോദ് നിരാശപ്പെടുത്തി! കൊല്ലം സെയ്‌ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം, തൃശൂര്‍ ടൈറ്റന്‍സിന് രണ്ടാം തോല്‍വി
സെയ്‌ലേഴ്‌സിന് വേണ്ടി അഭിഷേക് നായര്‍ - അരുണ്‍ പൗലോസ് (24 പന്തില്‍ 18) സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. തൃശൂര്‍ ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് സെയ്‌ലേഴ്‌സ് തൊല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് 18 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. 38 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ടോപ് സ്‌കോറര്‍. ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴ്‌സ 16 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 66 റണ്‍സെടുത്ത് പുറത്താവതെ നിന്ന അഭിഷേക് നായരാണ് സെയ്‌ലേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയാണ് സെയ്‌ലേഴ്‌സിന്റേത്.
സെയ്‌ലേഴ്‌സിന് വേണ്ടി അഭിഷേക് നായര്‍ - അരുണ്‍ പൗലോസ് (24 പന്തില്‍ 18) സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. അരുണിനെ പുറത്താക്കി ഇമ്രാനാണ് ടൈറ്റന്‍സിന് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാമതെത്തിയ സച്ചിന്‍ ബേബി (5) നേരത്തെ പുറത്തായെങ്കിലും എ കെ അര്‍ജുനെ കൂട്ടുപിടിച്ച് അഭിഷേക് സെയ്‌ലേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു. അഭിഷേകിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു. ഇമ്രാനാണ് സെയ്‌ലേഴ്‌സിന്റെ രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ, ടൈറ്റന്‍സ് നിരയില്‍ അക്ഷയ് ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. പരിചയസമ്പന്നരായ വരുണ്‍ നായനാര്‍ (16), വിഷ്ണു വിനോദ് (10) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. അഭിഷേക് പ്രതാപ് (5), അഹമ്മദ് ഇമ്രാന്‍ (14) എന്നിവരും മടങ്ങിയതോടെ നാലിന് 50 എന്ന നിലയിലായി ടൈറ്റന്‍സ്. ശേഷമെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മിഥുന്‍ പി ക്കെ (0), അനസ് നസീര്‍ (8), അനന്ത് സാഗര്‍ (4), ജിഷ്ണു എ (1), വൈശാഖ് ചന്ദ്രന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അക്ഷയ് പുറത്താവാതെ നിന്നു. ഷറഫുദ്ദീന് പുറമെ എന്‍ പി ബേസില്‍, എസ് മിഥുന്‍, ബിജു നാരായണന്‍ എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.