കേരള ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൃഷ്ണ പ്രസാദ്. 10 മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാന്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദ്. ഫൈനല്‍ മത്സരം ഇന്ന് നടക്കാനിരിക്കെ കൃഷ്ണ പ്രസാദിനെ മറികടക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ല. 10 മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. പുറത്താവാതെ നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 26 സിക്‌സും 34 ഫോറുകളും ഇതിലുണ്ട്. 59.88 ശരാശരിയും 143.4 സ്‌ട്രൈക്ക് റേറ്റും കൃഷ്ണ പ്രസാദിനുണ്ട്.
രണ്ടാം സ്ഥാനത്ത് തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാനാണ്. 11 മത്സരങ്ങളില്‍ 437 റണ്‍സാണ് ഇമ്രാന്‍ നേടിയത്. 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയുമാണ് അക്കൗണ്ടിലുള്ളത്. 168.1 സ്‌ട്രൈക്ക് റേറ്റും 39.73 ശരാശരിയും. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഞ്ജു സാംസണാണ് മൂന്നാം സ്ഥാനത്ത്. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 368 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും സഞ്ജു നേടി. 73.6 ശരാശരി. 186.8 സ്‌ട്രൈക്ക് റേറ്റും. സഞ്ജുവും ഇമ്രാനും ഈ സീസണില്‍ ഇനി കളിക്കില്ല. അതുകൊണ്ടുതന്നെ കൃഷ്ണ പ്രസാദിനെ മറികടക്കാനുമാകില്ല.
ബ്ലൂ ടൈഗേഴ്‌സിന്റെ തന്നെ വിനൂപ് മനോഹരന്‍ നാലാമതുണ്ട്. 11 മത്സരങ്ങളില്‍ അടിച്ചെടുത്തത് 344 റണ്‍സാണ്. രണ്ട് അര്‍ധ സെഞ്ചുറികളും താരം നേടി. വിനൂപ് ഇന്ന് അവസാന മത്സരത്തിന് ഇറങ്ങുമ്പോഴും കൃഷ്ണ പ്രസാദിനെ മറികടക്കാന്‍ ആയേക്കില്ല. 136 റണ്‍സ് നേടിയാല്‍ മാത്രമേ താരത്തിന് ഒന്നാമന്‍ അവാന്‍ കഴിയൂ. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (11 മത്സരങ്ങളില്‍ 337), തൃശൂര്‍ ടൈറ്റന്‍സിന്റെ ആനന്ദ് കൃഷണന്‍ (11 മത്സരങ്ങളില്‍ 322), ഗ്ലോബ് സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ (11 മത്സരങ്ങളില്‍ 314), സല്‍മാന്‍ നിസാര്‍ (296), കൊല്ലം സെയ്‌ലേഴ്‌സന്റെ സച്ചിന്‍ ബേബി (294), വിഷ്ണു വിനോദ് (291) എന്നിവര്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

