മുംബൈ: ജീവിതത്തിലെടുത്ത ഒരു പ്രധാനപ്പെട്ട തീരുമാനമാണ് ക്രിക്കറ്റിലേക്കെത്താന്‍ സഹായിച്ചതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യ. ബറോഡ ക്രിക്കറ്റ് ടീമിലേക്കുള്ള ട്രയല്‍സിന് പോയതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് താരം പറഞ്ഞു. 

സര്‍ക്കാര്‍ ജോലിക്ക് കയറാനായിരുന്നു അച്ഛന്റെ നിര്‍ദേശമെന്ന് പാണ്ഡ്യ പറഞ്ഞു. ബറോഡ താരം തുടര്‍ന്നു.. ''സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയ്ക്ക് കത്തുവന്ന അതേ സമയത്താണ് ബറോഡ ടീമിലേക്ക് ട്രയല്‍സിന് അവസരം ലഭിച്ചത്. മാസം 15,000 20,000 രൂപ ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലിക്ക് പോവണമെന്നായിരുന്നു അച്ഛന്റെ നിര്‍ദേശം. എന്നാല്‍ അന്ന് ആ കത്ത് കീറിയെറിയുകയാണുണ്ടായത്. 

ഇതേ സമയത്ത് എനിക്ക് ബറോഡ ടീമിലേക്ക് ട്രയല്‍സ് ഉണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനായിരുന്നു അത്.  അന്ന് ട്രയല്‍സിന് പോയി. ടീമില്‍ ഇടം ലഭിക്കുകയും ജീവിതം മാറിമറിയുകയും ചെയ്തു. അത്രയേറെ ആത്മാര്‍ഥതയോടെ ഞാന്‍ സര്‍ക്കാര്‍ ജോലിക്കു ശ്രമിച്ചിരുന്നുമില്ല. അതുവരെയുള്ള ജീവിതമത്രയും ക്രിക്കറ്റ് താരമാകാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. 

അന്ന് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമുണ്ടായിരുന്ന പരിശീലകന്‍ ജോണ്‍ റൈറ്റ് (മുന്‍ ഇന്ത്യന്‍ പരിശീലകന്‍) എന്നെയും ഹാര്‍ദിക്കിനെയും ശ്രദ്ധിച്ചു. ഞങ്ങളുടെ കളി ഇഷ്ടപ്പെട്ടിട്ടാകണം, അന്നുമുതല്‍ അദ്ദേഹം ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു. അതാണ് ഞങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായത്.''