ഭുവനേശ്വർ കുമാർ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതോടെ ഹോങ്കോങ് സിക്‌സസ് 2026 ടൂർണമെന്റിൽ നിന്ന് പിന്മാറി. പകരം ക്രുനാൽ പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കും. ഭുവനേശ്വറിന് പകരം കുൽവന്ത് ഖജ്രോലിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുംബൈ: ഭുവനേശ്വര്‍ കുമാര്‍ പിന്മാറിയതോടെ, ഹോങ്കോങ് സിക്‌സസ് 2026 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ക്രുനാല്‍ പാണ്ഡ്യ ചുമതലയേല്‍ക്കും. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിനെത്തുടര്‍ന്നാണ് ഭുവനേശ്വര്‍ പിന്മാറിയത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ കുല്‍വന്ത് ഖജ്രോളിയയെ ഏഴംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടീമില്‍ ക്രുനാലിനൊപ്പം ഐപിഎല്‍ പരിചയസമ്പന്നരായ മറ്റു താരങ്ങളുമുണ്ട്. ശശാങ്ക് സിംഗ്, രാഹുല്‍ തെവാതിയ, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ടി. നടരാജന്‍, ഖേജ്രോളിയ എന്നിവരടങ്ങുന്ന ടീമിനെയാണ് ഓള്‍റൗണ്ടറായ ക്രുനാല്‍ നയിക്കുന്നത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വര്‍ കുമാര്‍ വീണ്ടും ഇന്ത്യന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്നത് വലിയൊരു വഴിത്തിരിവാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് മുന്‍ഗണന നല്‍കിയതോടെയാണ് ഹോങ്കോങ് സിക്‌സസ് നായകസ്ഥാനം ക്രുനാല്‍ പാണ്ഡ്യയിലേക്ക് എത്തിയത്. ''ഹോങ്കോങ് സിക്‌സസ് 2026ല്‍ ഭുവനേശ്വര്‍ കുമാറിന്റെ സേവനം ഞങ്ങള്‍ക്ക് നഷ്ടമാകും. അദ്ദേഹം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. നാല് വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് വളരെ സവിശേഷമായ ഒരു നാഴികക്കല്ലാണെന്നും, ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നുവെന്നും.'' ക്രിക്കറ്റ് ഹോങ്കോങ് ചൈനയുടെ കൊമേഴ്‌സ്യല്‍ & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അനുരാഗ് ഭട്‌നാഗര്‍ പറഞ്ഞു.

ചെറിയ ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഐപിഎല്ലില്‍ ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ ഭുവനേശ്വറിനെപ്പോലെ തന്നെ നിര്‍ണായക പങ്കുവഹിച്ച താരമാണ് ക്രുനാല്‍. 16 മത്സരങ്ങളില്‍ നിന്ന് 226 റണ്‍സ് നേടിയ ഈ ഓള്‍റൗണ്ടര്‍ 14 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഹൈദരാബാദില്‍ വെച്ച നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20 മത്സരത്തിനിടെ ഇടത് കൈ പേസര്‍ അര്‍ഷ്ദീപ് സിംഗിന്റെ ബൗളിങ് ഷോള്‍ഡറിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഭുവനേശ്വര്‍ കുമാറിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്.

YouTube video player