ലോകകപ്പ് നേട്ടത്തിന് ശേഷം ജന്‍മനാടായ കാണ്‍പൂരില്‍ തിരിച്ചെത്തിയ കുല്‍ദീപിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

കാണ്‍പൂര്‍: വിവാഹം ഉടനുണ്ടാകുമെന്നും എന്നാല്‍ അത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതുപോലെ ബോളിവുഡ് നടിയുമായല്ലെന്നും ടി20 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ലോകകപ്പില്‍ സൂപ്പര്‍ 8 മുതല്‍ ഫൈനല്‍ വരെ എല്ലാ മത്സരങ്ങളിലും കളിച്ച കുല്‍ദീപ് 10 വിക്കറ്റ് വീഴ്ത്തിയിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കുല്‍ദീപ് ബോളിവുട് നടിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ലോകകപ്പ് നേട്ടത്തിന് ശേഷം ജന്‍മനാടായ കാണ്‍പൂരില്‍ തിരിച്ചെത്തിയ കുല്‍ദീപിന് വലിയ സ്വീകരണമാണ് ലഭിച്ചത്. വിവാഹ വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യത്തിന് നിങ്ങള്‍ക്ക് ആ സന്തോഷവാര്‍ത്ത വൈകാതെ കേള്‍ക്കാനാകും. പക്ഷെ വധു ബോളിവുഡ് നടിയല്ലെന്നും കുല്‍ദീപ് എന്‍ഡിടിവിയോട് പറഞ്ഞു. തന്‍റെയും കുടുംബത്തിന്‍റെയും കാര്യങ്ങള്‍ നോക്കിനടത്താന്‍ കഴിയുന്ന ആളാകാണം ഭാര്യയെന്നും കുല്‍ദീപ് വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച രാഹുല്‍ ദ്രാവിഡിന് ഭാരത്‌രത്ന നല്‍കണം, ആവശ്യവുമായി സുനില്‍ ഗവാസ്കർ

ലോകകപ്പ് നേട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെ ഇന്ത്യയില്‍ തിരിച്ചെത്തിയ ടീമിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷം ടീം ഇന്ത്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ബിസിസിഐ ഒരുക്കിയ സ്വീകരണത്തിലും പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്നിശമനസേന സ്വീകരിച്ചത്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യൻ ടീമിന്‍റെ വിജയാഘോഷം. കഴിഞ്ഞ മാസം 29ന് വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക