മ്പയറുടെ നിഷ്പക്ഷതെയൊക്കെ മാറ്റിവെച്ച് മുഹമ്മദ് സിറാജ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയ ചിത്രം പങ്കുവെച്ച് ധര്‍മസേന കുറിച്ചവാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന്‍റെ അവസാന ദിനം ഒരു ടി20 മത്സരത്തിലെ സൂപ്പര്‍ ഓവറിനെക്കാള്‍ ഉദ്വോഗഭരിതമായിരുന്നു. ജയത്തിലേക്ക് ഇംഗ്ലണ്ടിന് 35 റണ്‍സും ഇന്ത്യക്ക് നാലു വിക്കറ്റുകളുമായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയെങ്കിലും അവസാന ബാറ്ററായ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് ഗുസ് അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി. ഒടുവില്‍ ജയത്തിലേക്ക് ആറ് റണ്‍സകലെ അറ്റ്കിന്‍സണെ അസാധ്യമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ മുഹമ്മദ് സിറാജ് ഇന്ത്യക്ക് അവിസ്മരണീയ വിജയവും പരമ്പരയില്‍ സമനിലയും സമ്മാനിച്ചു.

മത്സരത്തില്‍ ന്യൂട്രല്‍ അമ്പയര്‍മാരായിരുന്നത് ശ്രീലങ്കയുടെ മുൻ താരം കൂടിയായിരുന്ന കുമാർ ധര്‍മേനയും ബംഗ്ലാദേശിന്റെ അഹ്സാന്‍ റാസയുമായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ടിന് ഡിആര്‍എസ് എടുക്കാന്‍ സഹായം നല്‍കിയെന്ന പേരില്‍ ആരാധകരുടെ രോഷത്തിന് കാരണമായെങ്കിലും ഒടുവില്‍ അമ്പയറുടെ നിഷ്പക്ഷതെയൊക്കെ മാറ്റിവെച്ച് മുഹമ്മദ് സിറാജ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയ ചിത്രം പങ്കുവെച്ച് ധര്‍മസേന കുറിച്ചവാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ പന്ത് നേരില്‍ക്കാണാന്‍ കഴിയുന്ന ഏറ്റവും മികച്ച ഇടത്തുതന്നെ ഉണ്ടാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമെന്നായിരുന്നു സിറാജ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കുന്ന നിമിഷത്തെ ചിത്രം പങ്കുവെച്ച് ധര്‍മസേന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

View post on Instagram

മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിനിടെ പതിമൂന്നാം ഓവറില്‍ സായ് സുദര്‍ശനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ ധര്‍മസേന നിരസിച്ചിരുന്നു. അമ്പയറുടെ തീരുമാനം റിവ്യു ചെയ്യണോ എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒല്ലി പോപ്പും സഹതാരങ്ങളും സംശയത്തില്‍ നില്‍ക്കുമ്പോഴാണ് ധര്‍മസേന പന്ത് ഇന്‍സൈഡ് എഡ്ജ് ചെയ്തിരുന്നുവെന്ന സിഗ്നല്‍ വിരലുകള്‍ കൊണ്ട് കാണിച്ചത്.ഇതോടെ ഇംഗ്ലണ്ട് താരങ്ങള്‍ റിവ്യു എടുക്കാതെ കളി തുടര്‍ന്നു. ഇതോടെ ഇംഗ്ലണ്ടിന് ഒരു റിവ്യു അവസരം നഷ്ടമാകാതെ നിലനിര്‍ത്താനും കഴിഞ്ഞു. ഇതിന് പിന്നാലെ ജോ റൂട്ടും പ്രസിദ്ധ് കൃഷ്ണയും തമ്മിലുള്ള വാക് പോരില്‍ ഇടപെട്ട ധര്‍മസേന കെ എല്‍ രാഹുലിനോടും ദേഷ്യത്തോടെ സംസാരിച്ചത് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചിരുന്നു.

എന്നാല്‍ അവസാന ദിനം ധര്‍മസേനയുടെ തീരുമാനങ്ങള്‍പലതും ഇന്ത്യക്ക് അനുകൂലമായിരുന്നു. ജാമി ഓവര്‍ടണിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് കുടുക്കി അപ്പീല്‍ ചെയ്തപ്പോള്‍ ധര്‍മസേന ഔട്ട് വിളിച്ചു. ഓവര്‍ടണ്‍ റിവ്യു എടുത്തെങ്കിലും പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളുമെന്ന് വ്യക്തമായതോടെ ഔട്ടാകുകയും ചെയ്തു. ധര്‍മസേന ഔട്ട് വിളിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ റിവ്യു എടുത്താലും ഔട്ട് ലഭിക്കില്ലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക