ശരിക്കും ഞെട്ടിച്ചതും കളി തിരിച്ചതും ഹര്‍ഷിത് റാണയുടെ ബാറ്റിംഗായിരുന്നു. അവന്‍ സിക്സടി തുടങ്ങിയതോടെ കിവീസ് താരങ്ങള്‍ ശരിക്കും വിറച്ചു.
ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തോറ്റ് ഇന്ത്യ ഏകദിന പരമ്പര കൈവിട്ടെങ്കിലും അര്‍ധസെഞ്ചുറി നേടിയ ഇന്ത്യൻ താരം ഹര്‍ഷിത് റാണയെ വാഴ്ത്തി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഹര്‍ഷിത് റാണ ക്രീസിലുണ്ടായിരുന്ന സമയത്ത് ന്യൂസിലന്‍ഡ് താരങ്ങള്‍ ശരിക്കും വിറച്ചുവെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.
വിരാട് കോലി രാജാക്കൻമാരുടെ രാജാവാണ്. അദ്ദേഹത്തിന്‍റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അതുപോലെ നിതീഷ് കുമാര്‍ റെഡ്ഡിയും മികവ് കാട്ടി. പക്ഷെ ശരിക്കും ഞെട്ടിച്ചതും കളി തിരിച്ചതും ഹര്‍ഷിത് റാണയുടെ ബാറ്റിംഗായിരുന്നു. അവന്‍ സിക്സടി തുടങ്ങിയതോടെ കിവീസ് താരങ്ങള്‍ ശരിക്കും വിറച്ചു. റാണയുടെ ബാറ്റിംഗ് കണ്ട് ഞാന്‍ ശരിക്കും അമ്പരന്നുപോയി. അവന്‍ വേറെ ലെവലായിരുന്നു. അവനെ തടയാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ന്യൂസിലന്‍ഡ് ബൗളര്‍മാരെയാണ് ഗ്രൗണ്ടില്‍ കണ്ടത്. കാരണം അത്ര അനായാസമായിട്ടായിരുന്നു ഹര്‍ഷിത് റാണ സിക്സുകള്‍ പറത്തിയതെന്നും ശ്രീകാന്ത് പറഞ്ഞു.
വിരാട് കോലി-ഹര്‍ഷിത് റാണ കൂട്ടുകെട്ടില്‍ നേടിയ 99 റണ്‍സില്‍ റാണ 52 റണ്‍സാണ് അടിച്ചത്. അത് ആ സമയം നിര്‍ണായകമായിരുന്നു. കാരമം ആവശ്യമായ റണ്‍റേറ്റ് ആ സമയം 11ന് അടുത്തായിരുന്നു. എന്നാല്‍ റാണയുടെ തകര്‍പ്പനടികള്‍ റണ്‍നിരക്ക് ഗണ്യമായി കുറച്ചു. അത് ന്യൂസിലന്‍ഡ് ക്യാപ്റ്റനെയും കളിക്കാരെയും വിറപ്പിച്ചുവെന്നതും യാഥാര്‍ത്ഥ്യമാണെന്നും ശ്രീകാന്ത് പറഞ്ഞു.
എന്നാല്‍ ഹര്‍ഷിത് റാണ പുറത്തായതല്ല, നിതീഷ് കുമാര്‍ റെഡ്ഡിയുടെ പുറത്താകലാണ് കളിയില്‍ വഴിത്തിരിവായതെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഒരു അഞ്ചോവര്‍ കൂടി നിതീഷ് ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും സെഞ്ചുറി പ്രകടനത്തോടെ 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ വിരാട് കോലി സ്ഥാനം ഉറപ്പിച്ചുവെന്നും ശ്രീകാന്ത് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരെ എട്ടാമനായി ക്രീസിലെത്തിയ ഹര്‍ഷിത് റാണ നാലു സിക്സും നാലു ഫോറും പറത്തി 43 പന്തില്‍ 52 റണ്‍സടിച്ചിരുന്നു. മുമ്പ് കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതുകൊണ്ട് മാത്രമാണ് ഹര്‍ഷിതിനെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ടീമിലെടുക്കുന്നതെന്ന് ശ്രീകാന്ത് വിമര്‍ശിച്ചിരുന്നു.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായി 41 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയാണ് ഏകദിന പരമ്പര(1-2)ന് കൈവിട്ടത്. നാട്ടില്‍ ന്യൂസിലന്‍ഡിനെതിര ആദ്യമായാണ് ഇന്ത്യ ഏകദിന പരമ്പര തോല്‍ക്കുന്നത്. തുടര്‍ച്ചയായ 16 പരമ്പര ജയങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.


