ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)യുടെ പുതിയ പ്രസിഡന്‍റായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര ചുമതലയേറ്റു. എംസിസിയുടെ പ്രസിഡന്‍റാകുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് സംഗക്കാര. അന്തണി വ്രഫോര്‍ഡിന് പകരക്കാരനായാണ് സംഗക്കാര എംസിസി പ്രസിഡന്റായി ചുമതലയേറ്റത്. ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി.

എംസിസി പ്രസിഡന്‍റാവാന്‍ സംഗക്കാരയെക്കാള്‍ മികച്ച വ്യക്തിയില്ലെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വ്രഫോര്‍ഡ് പറഞ്ഞു.  എംസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ വലിയ  അംഗീകാരമായി കാണുന്നുവെന്ന് സംഗക്കാര പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2017ല്‍ വിരമിച്ച 41കാരനായ സംഗ എംസിസിയുടെ ആജീവനന്തകാല അംഗമാണ്.  1784ല്‍ സ്ഥാപിതമായ എംസിസിയാണ് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്. ക്ലബിന്‍റെ ചരിത്രത്തില്‍ ഇതിവരെ 168 പ്രസിഡന്‍റുമാരാണ് സ്ഥാനം വഹിച്ചത്. വിഖ്യാതമായ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ഔദ്യോഗിക വേദി.