കൊളംബൊ: ഇന്ത്യന്‍ ടീമിനെ നയിക്കുന്ന സമയത്ത് തന്നെ മികച്ച ക്യാപ്റ്റനെന്ന പേരെടുത്തിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് ഗാംഗുലിക്ക്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഭരണകാര്യങ്ങളിലേക്ക് തിരിയുകയായിരുന്നു ഗാംഗുലി. ആദ്യം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി പിന്നീട് ബിസിസിഐ പ്രസിഡന്റായും സ്ഥാനമേറ്റെടുത്തു. അടുത്തിടെ ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരും ഗാംഗുലിയുടേതാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ ഗാംഗുലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഗാംഗുലിക്ക് പിന്തുണയുമായെത്തി. ഐസിസി ചെയര്‍മാനാവാന്‍ യോഗ്യന്‍ ഗാംഗുലിയാണെന്നാണ് സംഗ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ദാദയുടേത് ക്രിക്കറ്റ് ബുദ്ധിയാണ്. ക്രിക്കറ്റിന്റെ അടിത്തറയെന്ന് പറയുന്നത് വളര്‍ന്നുവരുന്ന തലമുറയിലാണ്. ആരാധകരാണ് മറ്റൊരു വിഭാഗം. ഇവരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഗാംഗുലിക്ക് സാധിക്കും. ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്. മറ്റു രാജ്യങ്ങില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ ഗാംഗുലിക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഐസിസിയുടെ തലവനാവാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയാണ് ഗാംഗുലി.'' സംഗക്കാര പറഞ്ഞുനിര്‍ത്തി. 

ഇന്ത്യയിലെ മാത്രമല്ല എല്ലാ രാജ്യത്തെ ക്രിക്കറ്റ് സംസ്‌കാരവും പാരമ്പര്യവും ആഴത്തില്‍ അറിയാവുന്ന വ്യക്തിയാണ് ഗാംഗുലിയെന്നും മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കൂട്ടിച്ചേര്‍ത്തു.