വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ കുശാല്‍ ശ്രീലങ്കയെ നയിക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു. കുശാല്‍ മെന്‍ഡിസായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 

കൊളംബൊ: കുശാല്‍ പെരേര ശ്രീലങ്കന്‍ ഏകദിന ടീമിന്റെ നായകന്‍. ദിമുത് കരുണാരത്‌നെയ്്ക്ക് പകരമാണ് കുശാല്‍ നായക സ്ഥാനം ഏറ്റെടുക്കുക. വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ കുശാല്‍ ശ്രീലങ്കയെ നയിക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു. കുശാല്‍ മെന്‍ഡിസായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റന്‍. കരുണാരത്‌നെയെ ടീമില്‍ നിന്നുതന്നെ ഒഴിവാക്കാനാണ് സാധ്യത. 

2019 ലോകകപ്പ് മുതലാണ് ദിമുത് കരുണാരത്‌നേ ശ്രീലങ്കയുടെ നായകനായി ചുമതലയേറ്റത്. 17 മത്സരങ്ങളില്‍ പത്തെണ്ണം മാത്രമാണ് ശ്രീലങ്ക വിജയിച്ചത്. ഇത്തരത്തില്‍ വിജയശതമാനം കുറവായത് തന്നെയാണ് കരുണാരത്‌നയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണം. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കൂടിയായ കരുണാരത്‌നെയ്ക്ക് കീഴില്‍ 58 ശതമാനം വിജയം മാത്രമാണ് ലങ്ക നേടിയത്. 

ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കരുണാരത്‌നെ നിശ്ചിത ഓവറില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ താരത്തെ പരിഗണിക്കേണ്ടതില്ലെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് പറയുന്നത്.