ആദ്യമായിട്ടാണ് ഏഷ്യന്‍ പിച്ചില്‍ ഒരു ടീം നാലാം ഇന്നിങ്‌സില്‍ ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്.

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ഇന്നിങ്‌സില്‍ 395 വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 210 റണ്‍സുമായി പുറത്താവാതെ നിന്ന അരങ്ങേറ്റക്കാന്‍ കെയ്ല്‍ മയേഴ്‌സാണ് അസാധാരണ വിജയം സാധ്യമാക്കിയത്. ആദ്യമായിട്ടാണ് ഏഷ്യന്‍ പിച്ചില്‍ ഒരു ടീം നാലാം ഇന്നിങ്‌സില്‍ ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഏക്കാലത്തേയും മികച്ച വിജയങ്ങളില്‍ ഒന്നെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിന്‍ഡീസിന്റെ വിജയത്തെ വിലയിരുത്തുന്നത്.

അഞ്ചാംദിനം ബംഗ്ലാദേശ് ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാല്‍ ഷാക്കിബ് അല്‍ ഹസന് പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി. പന്തെറിയാന്‍ അവര്‍ക്ക് ഒരു സ്പിന്നര്‍ കുറവായിരുന്നു. ഒരുഘട്ടത്തില്‍ മൂന്നിന് 59 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു വിന്‍ഡീസ്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന ക്രുമാ ബോന്നര്‍ (86)- മയേഴ്‌സ് (210) സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 215 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ട് തന്നെ. ബോന്നര്‍ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് വിന്‍ഡീസ് വിജയം എളുപ്പമാക്കി. മെഹിദി ഹസന്‍ ബംഗ്ലാദേസിനായി നാല് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ മെഹിദി ഹസന്റെ സെഞ്ചുറിയുടെ ബലത്തില്‍ 430 റണ്‍സാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. മറുപടി ഇന്നിങ്‌സില്‍ വിന്‍ഡീസ് 259ന് പുറത്തായി. ആതിഥേയര്‍ക്ക് 171 റണ്‍സ് ലീഡ്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേസ് 223 ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 115 റണ്‍സ് നേടിയ മൊമിനുള്‍ ഹഖാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പിന്നാലെ വിന്‍ഡീസിന്റെ ഐതിഹാസിക ജയം.