മേല്‍ബണ്‍: നാളെ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ അഭാവമായിരിക്കും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലി നാട്ടിലേക്ക് മടങ്ങിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. ഷമിക്കാവട്ടെ ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെയേറ്റ പരിക്കാണ് വിനയായത്. താരത്തിന് പരമ്പര തന്നെ നഷ്ടമാവും. 

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഓസീസ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതും ഇരുവരുടെയും അഭാവം അടിസ്ഥാനമാക്കിയാണ്. ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. മുന്‍ ഓസീസ് ഓപ്പണറുടെ വാക്കുകള്‍ ഇങ്ങനെ... ''വിരാട് കോലിയുടെയും മുഹമ്മദ് ഷമിയുടെയും അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കോലി. ഇന്ത്യന്‍ നായകന് പകരം നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ഇതുപോലെ മുഹമ്മദ് ഷമിയുടെ അസാന്നിധ്യവും ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യും. 

ഷമി പ്രതിഭാശാലിയാണ്. ഇത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. മികച്ച തുടക്കം നേടി ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക. പ്രമുഖരായ രണ്ട് താരങ്ങളെ നഷ്ടമായാല്‍ ഏത് ടീമിനും ദൗര്‍ബല്യമുണ്ടാവുമെന്നുള്ളത് സത്യമാണ്. ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ തന്നെ ആക്രമിച്ച് കളിക്കും.''  ലാംഗര്‍ പറഞ്ഞു.

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നാല് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തി. ഗില്‍, സിറാജ് എന്നിവര്‍ക്കിത് ടെസ്റ്റ് അരങ്ങേറ്റമാണ്. എന്നാല്‍ കെ എല്‍ രാഹുലിനെ ടീമിലേക്ക് പരിഗണിച്ചില്ല. 

കോലി നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് മെല്‍ബണ്‍ ടെസ്റ്റിന് കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് രഹാനെ പറഞ്ഞിരുന്നു. ഒരു ടീമായി കളിക്കണമെന്നാണ് അദ്ദേഹം നല്‍കിയ നിര്‍ദേശമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.