കൊളംബോ: ലസിത് മലിംഗെ എഴുതിത്തള്ളാന്‍ ഒരുങ്ങിയവരുടെ മിഡില്‍ സ്റ്റംപ് തെറിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്നലെ ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്തത്. തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മലിംഗ ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.

കോളിന്‍ മണ്‍റോയെ വീഴ്ത്തി തുടങ്ങിയ മലിംഗ ഹമീഷ് റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, റോസ് ടെയ്‌ലര്‍ എന്നിവരെയാണ് തുടര്‍ച്ചയായ പന്തുകളില്‍ പറഞ്ഞയച്ചത്. അതും തന്റെ ട്രേഡ് മാര്‍ക്കായ സ്ലിംഗിംഗ് യോര്‍ക്കറുകളിലൂടെ. തന്റെ അടുത്ത ഓവറില്‍ സീഫര്‍ട്ടിനെകൂടി മടക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്.

ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച 36കാരനായ മലിംഗ ടി20 ക്രിക്കറ്റില്‍ മാത്രമാണ് ഇപ്പോള്‍ ലങ്കക്കായി കളിക്കുന്നത്.