പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വിപ്രജ് നിഗം ബൗണ്ടറി നേടി. രണ്ടാം പന്തില്‍ നിഗം ഔട്ടായി.
ദില്ലി: കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഡേവിഡ് മില്ലറുടെ അവിശ്വസനീയ ഫിനിഷിംഗിന്‍റെയും കരുത്തില്‍ വിജയത്തിന് തൊട്ടടുത്തെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി വഴങ്ങി. ജയിക്കാന്‍ 211 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്ക് പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ 13 റൺസും അവസാന രണ്ട് പന്തില്‍ 2 റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ മില്ലര്‍ക്ക് അടിതെറ്റിയതോടെ ബൈ റണ്ണിനായി ഓടിയെങ്കിലും കുല്‍ദീപ് റണ്ണൗട്ടായതോടെ ഗുജറാത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഇതോടെ സീസണില്‍ പോയന്‍റൊന്നും നേടാത്ത ഒരേയൊരു ടീം ചെന്നൈ മാത്രമായി. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 210-4, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 209-8.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വിപ്രജ് നിഗം ബൗണ്ടറി നേടി. രണ്ടാം പന്തില്‍ നിഗം ഔട്ടായി. മൂന്നാം പന്തില്‍ ക്രീസിലെത്തിയ കുല്‍ദീപ് യാദവ് സിംഗിളെടുത്ത് തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന ഡേവിഡ് മില്ലര്‍ക്ക് സ്ട്രൈക്ക് കൈമാറി. നാലാം പന്തില്‍ പ്രസിദ്ധിനെതിരെ മില്ലര്‍ പടുകൂറ്റന്‍ സിക്സ്(106 മീറ്റര്‍) സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തിയതോടെ ഡല്‍ഹിയുടെ വിജയലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്‍സായി. എന്നാല്‍ അഞ്ചാം പന്തില്‍ സിംഗിളെടുക്കാമായിരുന്നിട്ടും മില്ലര്‍ സിംഗിള്‍ ഓടിയില്ല. ഇതോടെ അവസാന പന്തില്‍ ലക്ഷ്യം രണ്ട് റണ്ണായി. പ്രസിദ്ധ് എറിഞ്ഞ സ്ലോ ബൗണ്‍സറായിരുന്ന അവസാന പന്ത് ബാറ്റില്‍ കൊള്ളിക്കാൻ മില്ലര്‍ക്കായില്ല. വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയ പന്തില്‍ മില്ലര്‍ സിംഗിള്‍ ഓടി സ്കോര്‍ ടൈ ആക്കാന്‍ ശ്രമിച്ചെങ്കിലും ജോസ് ബട്‌ലറുടെ നേരിട്ടുള്ള ത്രോയില്‍ കുല്‍ദീപ് യാദവ് റണ്ണൗട്ടായി.
നേരത്തെ അവസാന രണ്ടോവറില്‍ 36 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 23 റണ്‍സടിച്ച മില്ലറും വിപ്രജ് നിഗമും ചേര്‍ന്നാണ് ഡല്‍ഹിയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്.17 പന്തില്‍ മില്ലര്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 52 പന്തില്‍ 92 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്കോററായത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.
211 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ പാതും നിസങ്കയും കെ എല്‍ രാഹുലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8 ഓവറില്‍ 76 റണ്‍സടിച്ചു. 24 പന്തില്‍ 41 റണ്‍സെടുത്ത നിസങ്കയെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയാണ് ഗുജറാത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാം നമ്പറിലിറങ്ങിയ നിതീഷ് റാണക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. 5 റണ്‍സെടുത്ത നിതീഷ് റാണയെ റാഷിദ് ഖാന്‍ മടക്കി. മിന്നും ഫോമിലുള്ള സമിര്‍ റിസ്‌വിയെ നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡാക്കിയ റാഷിദ് ഡല്‍ഹിയെ ഞെട്ടിച്ചു. ഡേവിഡ് മില്ലറും കെ എല്‍ രാഹുലും ചേര്‍ന്ന് ഡല്‍ഹിയെ 100 കടത്തിയതിന് പിന്നാലെ മില്ലര്‍ പരിക്കേറ്റ് പുറത്തായതിന് കയറിപ്പോയതിന് പിന്നാലെ ക്രീസിലെത്തിയ അക്സര്‍ പട്ടേലും(2) റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഡല്‍ഹി തകര്‍ച്ചയിലായി.
ഒരറ്റത്ത് കെ എല്‍ രാഹുല്‍ പോരാട്ടം തുടര്‍ന്നെങ്കിലും ട്രിസ്റ്റൻ സ്റ്റബ്സ് റണ്ണൗട്ടായതോടെ(7) ഡല്‍ഹിയുടെ വിജയപ്രതീക്ഷകള്‍ മങ്ങി. അവസാന പ്രതീക്ഷയായിരുന്ന രാഹുലിനെ(52 പന്തില്‍ 92) പതിനേഴാം ഓവറില്‍ സിറാജ് പുറത്താക്കിയ ശേഷമായിരുന്നു ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് ഡല്‍ഹിയെ വിജയത്തിനരികെ എത്തിച്ചത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ജോസ് ബട്‌ലര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തത്. 45 പന്തില്‍ 70 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ബട്‌ലർ 27 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ സുന്ദര്‍ 32 പന്തില്‍ 55 റണ്‍സെടുത്തു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തു.
