മുംബൈ: തിരുവനന്തപുരം കാര്യവട്ടത്ത് അപ്രതീക്ഷിതമായി ഏറ്റ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ്  മൂന്നാം ട്വന്‍റി 20 പോരിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കരുത്തരായ ഇന്ത്യയെ ഞെട്ടിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമായ കരീബിയന്‍ പടയെ തകര്‍ത്തെറിയാമെന്നാണ് മുംബൈയില്‍ കോലിപ്പടയുടെ പ്രതീക്ഷ.  

ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇരുടീമിനും മത്സരം നിര്‍ണായകമാണ്. ആകെ ആറ് രാജ്യാന്തര ട്വന്‍റി 20 മത്സരങ്ങള്‍ക്കാണ് മുംബൈ വാംഖഡെ സ്റ്റേഡിയം വേദിയൊരുക്കിയിട്ടുള്ളത്. അതില്‍ നാലും 2016 ട്വന്‍റി 20 ലോകകപ്പില്‍ ആയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന അഞ്ച് ട്വന്‍റി 20 മത്സരങ്ങളുടെ ഫലം ഇങ്ങനെ

ഇന്ത്യ - ശ്രീലങ്ക, ഡിസംബര്‍ 24 2017

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയം നേടിയാണ് ശ്രീലങ്കയ്‍ക്കെതിരെ ഇന്ത്യ മൂന്നാം മത്സരത്തിനായി വാംഖഡെയില്‍ എത്തിയത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 135 റണ്‍സില്‍ ലങ്കയെ ഒതുക്കി. രോഹിത് ശര്‍മയും കെ എല്‍ രാഹുലും നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയ്യസ് അയ്യരും (30), മനീഷ് പാണ്ഡെയും (32) ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ദിനേശ് കാര്‍ത്തിക്കും എം എസ് ധോണിയും ചേര്‍ന്ന് ഇന്ത്യന്‍ കപ്പല്‍ വിജയതീരത്ത് അടുപ്പിച്ചു.

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ്, മാര്‍ച്ച് 31 2016

വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്നത്തേതിന് സമാനമായ പോരാട്ടമാണ് ഇന്ത്യയും വിന്‍ഡീസും തമ്മില്‍ 2016 മാര്‍ച്ച് 31ന് നടന്നത്. ട്വന്‍റി 20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ 89 റണ്‍സിന്‍റെ ബലത്തില്‍ 192 റണ്‍സ് സ്വന്തമാക്കി. ക്രിസ് ഗെയ്‍ലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായിട്ടും ജോണ്‍സണ്‍ ചാള്‍സിന്‍റെയും (52), ലെന്‍ഡല്‍ സിമ്മണ്‍സിന്‍റെയും (82) അര്‍ധ സെഞ്ചുറികളുടെ ബലത്തില്‍ കരീബിയന്‍ പട വിജയം പിടിച്ചെടുത്തു.

2011 ഏകദിന ലോകകപ്പിന് പിന്നാലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടി20 കിരീടവും നേടാമെന്നുള്ള ഇന്ത്യന്‍ സ്വപ്നങ്ങളാണ് അന്ന് തകര്‍ന്ന് വീണത്. ഇന്ന് അതേ മണ്ണില്‍ പകരം വീട്ടാനുള്ള അവസരമാണ് കോലിപ്പടയ്ക്ക് മുന്നിലുള്ളത്. 

ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍, മാര്‍ച്ച് 20 2016

ആദ്യം ബാറ്റ് ചെയ്ത ശേഷം വാംഖഡെ സ്റ്റേഡിയത്തില്‍ വിജയം നേടുന്ന ഏക ടീമാണ് ദക്ഷിണാഫ്രിക്ക. ടി 20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ എതിരാളി. എ ബി ഡിവില്ലിയേഴ്സിന്‍റെ മികവില്‍ അഞ്ച് വിക്കറ്റിന് 209 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. 20 ഓവറില്‍ 172 റണ്‍സില്‍ അഫ്ഗാന്‍റെ പോരാട്ടം അവസാനിച്ചു.

ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട്, മാര്‍ച്ച് 18 2016

വന്‍ സ്കോര്‍ പിറവിയെടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ അടിപതറി. ഹാഷിം അംല, ക്വന്‍റണ്‍ ഡി കോക്ക്, ജെ പി ഡുമിനി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ ദക്ഷിണാഫ്രിക്ക 229 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ കുറിച്ചു. എന്നാല്‍, ആദ്യത്തെ തകര്‍ച്ചയ്ക്ക് ശേഷം ജോ റൂട്ട് 83 റണ്‍സുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലീഷ് സംഘം വിജയിച്ച് കയറി.

ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് , മാര്‍ച്ച് 16 2016

ക്രിസ് ഗെയില്‍ എന്ന ഒറ്റയാന് മുന്നില്‍ ഇംഗ്ലീഷ് ടീമിന് മറുപടിയില്ലാതെ പോകുന്ന കാഴ്ച വാംഖ‍ഡേ കണ്ടു. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയത് 183 റണ്‍സ് വിജയലക്ഷ്യം. പുറത്താകാതെ സെഞ്ചുറി നേടിയ ക്രിസ് ഗെയില്‍ ആടിതിമിര്‍ത്തപ്പോള്‍ 11 പന്തുകള്‍ ബാക്കി നില്‍ക്കേ വിന്‍ഡീസ് വെന്നിക്കൊടി പാറിച്ചു.