Asianet News MalayalamAsianet News Malayalam

ടി20 റാങ്കിംഗ്: കോലിക്കും ധവാനും നേട്ടം; ബൗളര്‍മാരില്‍ നിരാശ

അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സാസായിയും സ്‌കോട്‌ലന്‍ഡിന്‍റെ ജോര്‍ജ് മന്‍സിയും നേട്ടം കൊയ്‌തവരിലുണ്ട്

Latest ICC T20 Ranking Virat Kohli and Shikhar Dhawan Moved Towards Top
Author
Dubai - United Arab Emirates, First Published Sep 25, 2019, 3:14 PM IST

ദുബായ്: ഐസിസിയുടെ പുതിയ ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ഓപ്പണര്‍ ശിഖര്‍ ധവാനും നേട്ടം. അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സാസായിയും സ്‌കോട്‌ലന്‍ഡിന്‍റെ ജോര്‍ജ് മന്‍സിയും നേട്ടം കൊയ്‌തവരിലുണ്ട്. ആന്‍ഡിലെ ഫെഹ്‌ലൂക്വായോ, ക്വിന്‍റണ്‍ ഡികോക്ക്, തബ്‌രൈസ് ഷംസി എന്നിവര്‍ കരിയറിലെ മികച്ച സ്ഥാനങ്ങളിലെത്തി. 

ബാറ്റിംഗ് റാങ്കിംഗ്: കോലിക്കും ധവാനും കുതിപ്പ്

പുതിയ റാങ്കിംഗില്‍ കോലിയും ധവാനും ആദ്യ പത്തിനടുത്തെത്തി എന്നതാണ് ശ്രദ്ധേയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ പുറത്താകാതെ 72 റണ്‍സ് നേടിയ കോലി ഒരു സ്ഥാനമുയര്‍ന്ന് 11-ാമതെത്തി. 40 റണ്‍സ് നേടിയ ധവാന്‍ മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് പതിമൂന്നാമതാണ്.  

ബാറ്റ്സ്‌മാന്‍മാരില്‍ ആദ്യ സ്ഥാനങ്ങള്‍ക്ക് ചലനമില്ല. ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ താരം ബാബര്‍ അസമിന് 896 പോയിന്‍റാണുള്ളത്. രണ്ടാമത് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍(815 പോയിന്‍റ്). മൂന്നാമത് ന്യൂസിലന്‍ഡിന്‍റെ കോളിന്‍ മണ്‍റോയും നാലാമതുള്ള ഓസീസിന്‍റെ ആരോണ്‍ ഫിഞ്ചും സ്ഥാനം നിലനിര്‍ത്തി. അഞ്ചാമതുള്ള സാസായി ടി20യില്‍ ഒരു അഫ്‌ഗാന്‍ താരത്തിന്‍റെ ഉയര്‍ന്ന പോയിന്‍റിലെത്തി(727). 

നെതര്‍ലന്‍ഡിനെതിരെ 56 പന്തില്‍ 127 റണ്‍സടിച്ച് കരിയറില്‍ 600 പോയിന്‍റ് നേടുന്ന ആദ്യ സ്‌കോട്ടിഷ് താരമെന്ന നേട്ടത്തിലെത്തിയ മന്‍സി ഇപ്പോള്‍ 585 പോയിന്‍റുമായി ഇരുപത്തിയൊന്നാമതാണ്. ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ 52 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്‍റണ്‍ ഡികോക്ക് 49-ാം സ്ഥാനത്തുനിന്ന് 30-ാം സ്ഥാനത്തെത്തി. ഒന്‍പതാമതുള്ള രോഹിത് ശര്‍മ്മയും പത്താമതുള്ള കെ എല്‍ രാഹുലുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 

ബൗളര്‍മാരുടെ റാങ്കിംഗ്: ഇന്ത്യന്‍ താരങ്ങളില്ലാത്ത ആദ്യ പത്ത്

ആന്‍ഡിലെ ഫെഹ്‌ലൂക്വായോ കരിയറിലെ മികച്ച റാങ്കായ ഏഴിലെത്തി. ഇതേസമയം ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ തബ്‌രൈസ് ഷംസി ആദ്യമായി ആദ്യ 20ലെത്തിയിട്ടുണ്ട്. ത്രിരാഷ്‌ട്ര പരമ്പരയില്‍ ഏഴ് വിക്കറ്റ് നേടിയ അഫ്‌ഗാന്‍ സ്‌പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന്‍ 29 സ്ഥാനങ്ങളുയര്‍ന്ന് ഒന്‍പതാമത് ഇടംപിടിച്ചു. അഫ്‌ഗാന്‍ സ്‌പിന്നര്‍ റഷീദ് ഖാനും പാകിസ്ഥാന്‍ താരം ഇമാദ് വസീമും ഷദാബ് ഖാനും തന്നെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല എന്നതും ശ്രദ്ധേയമാണ്. വാഷിംഗ്‌ടണ്‍ സുന്ദര്‍ എട്ട് സ്ഥാനങ്ങളുയര്‍ന്ന് അമ്പതാമതെത്തിയതാണ് പ്രധാന നേട്ടം. 

ഓള്‍റൗണ്ടര്‍മാരുടെ റാങ്കില്‍ ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒന്നാം സ്ഥാനവും ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ രണ്ടാം സ്ഥാനവും അഫ്‌ഗാന്‍റെ മുഹമ്മദ് നബി മൂന്നാം സ്ഥാനവും നിലനിര്‍ത്തി. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയും ബംഗ്ലാദേശ്, അയര്‍ലന്‍ഡ് ത്രിരാഷ്‌ട്ര പരമ്പരകളും കഴിഞ്ഞുള്ള റാങ്കിംഗാണ് ഐസിസി പ്രഖ്യാപിച്ചത്. 


 

Follow Us:
Download App:
  • android
  • ios