ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഏഷ്യ ലയണ്‍സിന് രണ്ടാം ഓവറില്‍ തന്നെ വെടിക്കെട്ട് ഓപ്പണർ തിലകരത്നെ ദില്‍ഷനെ നഷ്ടമായി
ദോഹ: ലെജന്‍ഡ്‍സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യാ മഹാരാജാസിനെതിരെ മികച്ച സ്കോറുമായി ഏഷ്യ ലയണ്‍സ്. ദോഹയില്‍ ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയണ്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 165 റണ്‍സെടുത്തു. ഉപുല്‍ തരംഗ, മിസ്ബ ഉള്‍ ഹഖ് എന്നിവരുടെ ബാറ്റിംഗാണ് ലയണ്‍സിന് തുണയായത്. 50 പന്തില്‍ 73 റണ്‍സെടുത്ത മിസ്ബയാണ് ടോപ് സ്കോറർ.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഏഷ്യ ലയണ്‍സിന് രണ്ടാം ഓവറില്‍ തന്നെ വെടിക്കെട്ട് ഓപ്പണർ തിലകരത്നെ ദില്‍ഷനെ നഷ്ടമായി. ദില്‍ഷന്‍ 6 പന്തില്‍ 5 റണ്‍സാണ് നേടിയത്. അടുത്ത ഓവറില്‍ ഇർഫാന്‍ പത്താന് വിക്കറ്റ് സമ്മാനിച്ച് അസ്ഗാർ അഫ്ഗാനും(2 പന്തില്‍ 1) മടങ്ങി. ഈസമയം 18 റണ്‍സേ ടീമിനുണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ഉപുല്‍ തരംഗ-മിസ്‍ബാ ഉള്‍ ഹഖ് സഖ്യമാണ് ഏഷ്യന്‍ ടീമിനെ കരകയറ്റിയത്. ഈ കൂട്ടുകെട്ട് 14.5 ഓവറില്‍ 126 റണ്‍സ് വരെ നീണ്ടു. 39 പന്തില്‍ 40 നേടിയ തരംഗയെ പർവീന്ദർ അവാന പുറത്താക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും(8 പന്തില്‍ 12), മിസ്‍ബായും(50 പന്തില്‍ 73) പുറത്തായതോടെ സ്കോറിംഗ് വേഗം കുറഞ്ഞു. ബിന്നിയാണ് മിസ്ബായെ മടക്കിയത്. 7 പന്തില്‍ 6 നേടിയ അബ്ദുള്‍ റസാഖിനെയും ബിന്നി പറഞ്ഞയച്ചു. തിസാര പെരേയും(5*), പരാസ് ഖഡ്കയും(3*) പുറത്താവാതെ നിന്നു.
പ്ലേയിംഗ് ഇലവനുകള്‍
ഇന്ത്യാ മഹാരാജാസ് : ഗൗതം ഗംഭീർ(ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ(വിക്കറ്റ് കീപ്പർ), മുരളി വിജയ്, സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, സ്റ്റുവർട്ട് ബിന്നി, ഇർഫാന്‍ പത്താന്‍, ഹർഭജന്‍ സിംഗ്, അശോക് ദിണ്ഡ, പ്രവീണ്‍ താംബെ.
ഏഷ്യ ലയണ്‍സ്: തിലകരത്നെ ദില്‍ഷന്‍, ഉപുല്‍ തരംഗ(വിക്കറ്റ് കീപ്പർ), അഷ്ഗർ അഫ്‍ഗാന്‍, മിസ്ബാ ഉള്‍ ഹഖ്, പരാസ് ഖഡ്ക, ഷാഹിദ് അഫ്രീദി(ക്യാപ്റ്റന്‍), ഇസുരു ഉഡാനസ അബ്ദുർ റസാഖ്, സൊഹൈല്‍ തന്‍വീർ, അബ്‍ദുള്‍ റസാഖ്.
എല്ലിസ് പെറിക്ക് ഫിഫ്റ്റി, സോഫീ എക്കിള്‍സ്റ്റണിന് നാല് വിക്കറ്റ്; ആർസിബി 138ല്‍ പുറത്ത്
