ലണ്ടന്‍: കരിയറിലെ മോശം സമയങ്ങളിലൂടെയാണ് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കടന്നുപോവുന്നത്. പരിക്കുമൂലം ആഷസിലെ ഒരു മത്സരത്തില്‍ ഒഴികെ ജിമ്മിക്ക് ഇറങ്ങാനായില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ പിന്നാലെ ആഷസ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്.

ഇതോടെ ആന്‍ഡേഴ്‌സണിന്‍റെ വിരമിക്കല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ വിരമിക്കലിനെ കുറിച്ച് അടുത്തൊന്നും ചിന്തിക്കില്ല എന്നാണ് ജിമ്മി വ്യക്തമാക്കുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തിന് താനുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ ഈ ആഴ്‌ചതന്നെ ടീം ഫിസിയോയെയും മെഡിക്കല്‍ സംഘത്തെയും കാണുന്നുണ്ട്. ഇപ്പോള്‍ 37 വയസായി. നാല്‍പതു വരെ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലിലെ പരിക്ക് മാറുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.  

ആഷസ് തോല്‍വിയില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന് ആന്‍ഡേഴ്‌സണ്‍ പിന്തുണ നല്‍കി. റൂട്ടിന്‍റെ നായകഭാവിയെ കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സി അദേഹം നന്നായി കൊണ്ടുപോവുന്നുണ്ട് എന്നാണ് അഭിപ്രായമെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ആഷസിന് ശേഷം ന്യൂസിലന്‍ഡ് പരമ്പരയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. കിവീസ് പര്യടനത്തിനായി ടെസ്റ്റ് ടീം നവംബര്‍ ആറിന് പുറപ്പെടും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.