പെര്‍ത്ത്: ഓസ്‌ട്രേലിയയോട് പെര്‍ത്ത് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ കിവീസിന് തിരിച്ചടിയായി പേസര്‍ ലോക്കി ഫെര്‍ഗൂസന്‍റെ പരിക്ക്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ ഫെര്‍ഗൂസന് നഷ്‌ടമാകും. അരങ്ങേറ്റ ടെസ്റ്റിന്‍റെ ആദ്യദിനമേറ്റ പരിക്കാണ് ഫെര്‍ഗുസന് തിരിച്ചടിയായത്.

ഫെര്‍ഗൂസന് പരിക്ക് ഭേദമാകാന്‍ നാലുമുതല്‍ ആറാഴ്‌ചവരെ സമയം വേണമെന്ന് കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കി. മെല്‍ബണിലും സിഡ്‌നിയിലുമായാണ് രണ്ടും മൂന്നും ടെസ്റ്റുകള്‍ നടക്കുന്നത്. എന്നാല്‍ ന്യൂസിലന്‍ഡിന് ഒരു ആശ്വാസ വാര്‍ത്തയുമുണ്ട്. സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പരിക്ക് ഭേദമായി വരികയാണ് എന്ന് സ്റ്റെഡ് വ്യക്തമാക്കി. ഫെര്‍ഗൂസന്‍റെ പകരക്കാരനെ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. ഡിസംബര്‍ 26ന് മെല്‍ബണില്‍ രണ്ടാം ടെസ്റ്റ് തുടങ്ങും. 

പെര്‍ത്ത് ഡേ നൈറ്റ് ടെസ്റ്റില്‍ 296 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിട്ടുണ്ട്. 468 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും നേഥണ്‍ ലിയോണും ചേര്‍ന്നാണ് ഓസീസിന് വമ്പന്‍ ജയം സമ്മാനിച്ചത്. രണ്ടിന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് കളിയിലെ താരം.