ലോർഡ്‌സ്: ഓസ്ട്രേലിയയ്ക്കെതിരെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്‌ടമായി. എട്ട് റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിൽ ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായി.

ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ പാറ്റ് കമ്മിന്‍സും പീറ്റർ സിഡിലും എറിഞ്ഞിടുകയായിരുന്നു. ജേസണ്‍ റോയിയെയും ജോ റൂട്ടിനെയും പാറ്റ് കമ്മിന്‍സ് അടുത്തടുത്ത പന്തില്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ വെറും 9 റണ്‍സായിരുന്നു. അതിന് ശേഷം 55 റണ്‍സ് നേടി, മൂന്നാം വിക്കറ്റില്‍ ജോ ഡെന്‍ലിയെയും റോറി ബേൺസും ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും, പീറ്റർ സിഡിൽ വില്ലനായി. അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും പീറ്റര്‍ സിഡില്‍ പുറത്താക്കി.

റോറി ബേണ്‍സ് 29ഉം ജോ ഡെന്‍ലി 25 ഉം റൺസ് നേടി. 25 റണ്‍സുമായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ഇപ്പോൾ ക്രീസിൽ. 32.2 ഓവറില്‍ 96/4 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തിയതോടെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 104 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.