ടീമിന്‍റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും രാഹുല്‍ പറയുന്നത് അംഗീകരിക്കാതെ ഫീല്‍ഡിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ വിജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലിനോട് പരസ്യമായി രോഷം പ്രകടിപ്പിച്ച് ടീം ഉടമ സ‍്ജീവ് ഗോയങ്ക. മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംഭാഷണത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ടീമിന്‍റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും രാഹുല്‍ പറയുന്നത് അംഗീകരിക്കാതെ ഫീല്‍ഡിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെയെങ്കിലും ലഖ്നൗ മുതലാളിക്ക് കാത്തിരിക്കാമായിരുന്നു എന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രഹരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അവിശ്വസനീയമായിരുന്നു അവരുടെ പ്രകടനമെന്നും രാഹുല്‍ പറഞ്ഞിരുന്നു. എല്ലാ പന്തുകളും മിഡില്‍ ചെയ്ത് അടിക്കാന്‍ അവര്‍ക്കായെന്നും അവരുടെ കഴിവിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞ രാഹുല്‍ ലഖ്നൗ 240-250 റണ്‍സടിച്ചിരുന്നെങ്കില്‍ പോലും ഹൈദരാബാദ് ചിലപ്പോള്‍ ജയിക്കുമായിരുന്നുവെന്നും വ്യക്തമാക്കി.
തോല്‍വിക്ക് പുറമെ ലഖ്നൗ ഇന്നിംഗ്സില്‍ ഓപ്പണറായി ഇറങ്ങിയ ടെസ്റ്റ് കളിച്ച രാഹുലിന്‍റെ ഇന്നിംഗ്സിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പവര്‍പ്ലേയില്‍ കളിച്ചിട്ടും 33 പന്തില്‍ 29 റണ്‍സാണ് രാഹുല്‍ നേടിയത്. കമിന്‍സ് എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സ് അടിച്ച രാഹുല്‍ പിന്നീട് ഒരു ബൗണ്ടറി നേടുന്നത് പത്താം ഓവറിലാണ്. പവര്‍ പ്ലേയില്‍ ലഖ്നൗ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയത് 107 റണ്‍സായിരുന്നു.
