75 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും 30 ലിസ്റ്റ് എ മത്സരങ്ങളുടേയും പരിചയമുണ്ട് താരമെന്ന നിലയില്‍ എം വെങ്കട്ടരമണയ്‌ക്ക്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ഇന്ത്യയുടെ മുൻ താരം എം വെങ്കട്ടരമണയെ നിയമിച്ചു. 2023- 24 ആഭ്യന്തര സീസണിലേക്കാണ് കരാർ. ടിനു യോഹന്നാന് പകരമാണ് നിയമനം. രണ്ട് വർഷമായി തമിഴ്നാട് പരിശീലകനാണ് വെങ്കട്ടരമണ. ടിനു യോഹന്നാനെ കെസിഎ ഹൈ പെർഫോമൻസ് സെന്‍റർ ഡയറക്ടറായി നിയമിച്ചു. കരിയറില്‍ ഓഫ് സ്‌പിന്നറായിരുന്ന എം വെങ്കട്ടരമണയ്‌ക്ക് പരിശീലകന്‍റെ റോളില്‍ വലിയ പരിചയസമ്പത്തുണ്ട്.
75 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും 30 ലിസ്റ്റ് എ മത്സരങ്ങളുടേയും പരിചയമുണ്ട് താരമെന്ന നിലയില്‍ എം വെങ്കട്ടരമണയ്‌ക്ക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 247 ഉം ലിസ്റ്റ് എയില്‍ 36 ഉം വിക്കറ്റ് നേടി. 1987- 88 രഞ്ജി അരങ്ങേറ്റ സീസണില്‍ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി പേരെടുത്തു. എട്ട് മത്സരങ്ങളില്‍ വീഴ്‌ത്തിയ 35 വിക്കറ്റുകളില്‍ ഏഴ് എണ്ണം ഫൈനലില്‍ ചെപ്പോക്കില്‍ റെയില്‍വേസിന് എതിരെയായിരുന്നു. മത്സരത്തില്‍ ഇന്നിംഗ്‌സ് ജയവുമായി തമിഴ്‌നാട് കപ്പുയര്‍ത്തി. ഈ മികവിലൂടെ താരം ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും ഓരോ ടെസ്റ്റും ഏകദിനവും കളിക്കാനുള്ള അവസരമേ ലഭിച്ചുള്ളൂ. തമിഴ്‌നാട് ക്രിക്കറ്റ് ടീമിന് പുറമെ ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിന്‍റെയും സിംഗപ്പൂര്‍ സീനിയര്‍ പുരുഷ ടീമിന്‍റെയും തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ദിണ്ടിഗല്‍ ഡ്രാഗണിന്‍റേയും പരിശീലകനായും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ സ്‌പിന്‍ കോച്ചായും പ്രവര്‍ത്തിച്ച് പരിചയമുണ്ട്.
ഒക്ടോബര്‍ 16ന് സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ആഭ്യന്തര സീസണ്‍ തുടങ്ങുന്നത്. ഇതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയും രഞ്ജി ട്രോഫിയും നടക്കും. വരും സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് കേരള ടീമിന്‍റെ ലക്ഷ്യം.
Read more: 'ഞാനൊരു ദേശസ്നേഹി, ഇന്ത്യ കപ്പെടുക്കണം, പക്ഷേ'... കനത്ത ആശങ്ക പങ്കുവെച്ച് യുവ്‌രാജ് സിംഗ്
