മുംബൈ ഇന്ത്യന്‍സ് പരിശീലകസ്ഥാനത്ത് തുടരാനാണ് തത്ക്കാലം ജയവര്‍ധനെയുടെ താത്പര്യമെന്നാണ് സൂചന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനാകാന്‍ തത്ക്കാലം താത്പര്യമില്ലെന്ന് ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെ. ബിസിസിഐക്ക് അപേക്ഷ നൽകിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജയവര്‍ധനെ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് പരിശീലകസ്ഥാനത്ത് തുടരാനാണ് ജയവര്‍ധനെയുടെ താത്പര്യമെന്നാണ് സൂചന. നേരത്തേ ഇംഗ്ലണ്ട് ടീമിനൊപ്പം ജയവര്‍ധനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിശീലക സ്ഥാനത്തേക്ക് ഇതുവരെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചുവെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഓസീസ് താരം ടോം മൂഡി, ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍ മൈക് ഹെസ്സന്‍, ഇന്ത്യന്‍ താരങ്ങളായിരുന്ന റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്‌പുത് തുടങ്ങിയവരും അപേക്ഷകരിലുണ്ട്. ഫീല്‍ഡിംഗ് പരിശീലകനാവാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ് അടക്കമുള്ളവര്‍ രംഗത്തുണ്ട്.

വെസ്റ്റ് ഇന്‍ഡ‍ീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെയാണ് നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് കളിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവടങ്ങിയ ഉപദേശക സമിതിയാണ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുക.