കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ 'പൊതു ആവശ്യം' ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്.
തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഈ നടപടി. കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ 'പൊതു ആവശ്യം' ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സർക്കാരിന്‍റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എങ്കിലും നിയമപരമായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം അപേക്ഷ അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിക്കായി നിയമഭേദഗതി കൊണ്ടുവരികയും എൽ.ഡി.എഫ് സർക്കാരിന്‍റെ അവസാന ക്യാബിനറ്റിൽ പദ്ധതിയെ 'പൊതു ആവശ്യം' ആയി പ്രഖ്യാപിക്കുകയുമായിരുന്നു. അതോടൊപ്പം കെ.സി.എയ്ക്ക് ഭൂപരിഷ്കരണ നിയമത്തിലും ഇളവ് അനുവദിക്കുകയും ചെയ്തു.
തുടർന്ന് പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നേരിട്ട് ഇടപെടുകയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷ് എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കെ.സി.എ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിച്ച് അന്താരാഷ്ട്ര പദ്ധതിക്കായി തരംമാറ്റത്തിന് ശുപാർശ നൽകുകയും ചെയ്തു. ആ ശുപാർശ സംസ്ഥാന സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.
കേരളത്തിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെ.സി.എ പ്രസിഡന്‍റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. നിർദ്ദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും ലോകോത്തര സൗകര്യങ്ങൾ ഒരുക്കും. ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് വേദിയാകുന്നതോടെ കായിക ടൂറിസവും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയും കുതിച്ചുയരും. പദ്ധതിക്കായി ബിസിസി.ഐയുടെ അനുമതി നേടിയതിനും സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തിയതിനും മുൻ കെ.സി.എ പ്രസിഡന്‍റും നിലവിലെ ഡബ്ല്യു.പി.എൽ ചെയർമാനുമായ ജയേഷ് ജോർജിന് കെ.സി.എയുടെ പ്രത്യേക നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കുമെന്ന് ബി.സി.സി.ഐ ഡബ്ല്യു.പി.എൽ ചെയർമാനും കെസിഎ മുൻ പ്രസിഡന്‍റുമായ ജയേഷ് ജോർജ് വ്യക്തമാക്കി. മുൻപ് കേരളത്തിൽ നടന്ന ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കാൻ എത്തിയ ഐ.സി.സി ചെയർമാൻ ജയ് ഷാ പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും തുടർനടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അനുമതി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ച് സുസ്ഥിരവും ലോകോത്തരവുമായ സ്റ്റേഡിയം കേരളത്തിന് സമ്മാനിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി. പദ്ധതിയിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്ന് അറിയിച്ച അദ്ദേഹം സ്റ്റേഡിയം നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
