കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന  മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ പ്രതികരണവുമായി അന്ന് ലങ്കക്കായി സെഞ്ചുറി നേടിയ മഹേള ജയവര്‍ധനെ. രാഷ്ട്രീഷ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുന്‍ കായിക മന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് അടുത്തോ എന്നും ജയവര്‍ധനെ ട്വിറ്ററില്‍ ചോദിച്ചു.

സര്‍ക്കസ് തുടങ്ങിയിരിക്കുന്നുവെന്നും ആരോപണം ഉന്നയിച്ച മന്ത്രി തെളിവുകളും ഒത്തുകളിച്ചവരുടെ പേരുകളും കൂടി പുറത്തുവിടണമെന്നും ജയവര്‍ധനെ ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരായ ഫൈനലില്‍ ലങ്കക്കായി സെഞ്ചുറിയിലൂടെ മികച്ച സ്കോര്‍ സമ്മാനിച്ചത് മുന്‍ നായകന്‍ കൂടിയായ ജയവര്‍ധനെ ആയിരുന്നു. 88 പന്തില്‍ 103 റണ്‍സെടുത്ത ജയവര്‍ധനെയുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ലങ്ക 274 റണ്‍സടിച്ചത്. 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിട്ടപ്പോള്‍ അലുത്ഗമേജ് ആയിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി.

ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നായിരുന്നു മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണം. ശ്രീലങ്കന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മഹിന്ദാനന്ദ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.


"ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയമമെന്ന് തോന്നി. ഒരു താരത്തെയും ഈ ഒത്തുകളിയുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.

ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.